ശ്രീനഗർ: ലഡാക്കിൽ ഡ്യൂട്ടി വാഹനം കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് സൈനികർക്ക് വീരമൃത്യു. കാർഗിൽ ജില്ലയിലെ നമിക ലാ ചുരത്തിന് സമീപം നിയന്ത്രണം വിട്ട ഹെവി ഡ്യൂട്ടി വാഹനം 600 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ കാർഗിൽ-ലേ ദേശീയപാത എൻഎച്ച് 01-ൽ ആയിരുന്നു അപകടം.
വാഹനം റോഡിൽനിന്ന് തെന്നിമാറി കൊക്കയിലേക്ക് പതിക്കുകയായിരുന്നു. വിവരമറിഞ്ഞ് ഉടൻ സ്ഥലത്തെത്തിയ ജില്ലാ പൊലീസ് സംഘം രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും രണ്ട് സൈനികരും സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു.
പോസ്റ്റമോർട്ടത്തിനും തുടർനടപടികൾക്കുമായി ഭൗതിക ശരീരങ്ങൾ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്ക് മാറ്റി. അപകടത്തിന്റെ കൃത്യമായ കാരണം വ്യക്തമായിട്ടില്ല. സംഭവത്തിൽ കേസെടുത്ത വാഖ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.