തിരുവനന്തപുരം: കേരളത്തിന്റെ കായികമേഖലയ്ക്ക് പുത്തൻ ഉണർവേകി കേന്ദ്ര യുവജനകാര്യ-കായിക മന്ത്രാലയത്തിന്റെ കോടികളുടെ വികസന പദ്ധതികൾ. യുവപ്രതിഭകളെ ചെറുപ്പത്തിലേ കണ്ടെത്തി വളർത്തിയെടുക്കുക, ഊർജസ്വലമായ കായിക സംസ്കാരം വളർത്തുക എന്നീ ലക്ഷ്യങ്ങളോടെ നടപ്പാക്കുന്ന 'ഖേലോ ഇന്ത്യ' പദ്ധതിയിലൂടെ സംസ്ഥാനത്ത് വൻതോതിലുള്ള അടിസ്ഥാന സൗകര്യ വികസനത്തിനാണ് കേന്ദ്രസർക്കാർ വഴിയൊരുക്കുന്നത്.
മാപ്പുകൾ കാണുക
സിന്തറ്റിക് ട്രാക്കുകൾ, മൾട്ടി പർപ്പസ് ഇൻഡോർ ഹാളുകൾ, നീന്തൽക്കുളങ്ങൾ എന്നിവയുടെ നിർമാണത്തിനായി 56.80 കോടി രൂപയുടെ നാല് വമ്പൻ പദ്ധതികളാണ് കേരളത്തിന് അനുവദിച്ചിരിക്കുന്നത്. കണ്ണൂർ പരിയാരം സർക്കാർ മെഡിക്കൽ കോളജിൽ ഏഴു കോടി രൂപ ചെലവിൽ നിർമിക്കുന്ന 400 മീറ്റർ സിന്തറ്റിക് ട്രാക്ക് ഇതിൽ പ്രധാനമാണ്. കൂടാതെ, താഴെത്തട്ടിലെ പ്രതിഭകളെ വാർത്തെടുക്കാൻ ജില്ലാതലത്തിൽ ഖേലോ ഇന്ത്യ സെന്ററുകളും സംസ്ഥാനതലത്തിൽ 'സ്റ്റേറ്റ് സെന്റർ ഓഫ് എക്സലൻസും' സജ്ജമാക്കിയിട്ടുണ്ട്. തിരഞ്ഞെടുക്കപ്പെടുന്ന താരങ്ങൾക്ക് പരിശീലനത്തിനും ഭക്ഷണത്തിനുമായി പ്രതിവർഷം 6.28 ലക്ഷം രൂപയുടെ ആനുകൂല്യവും പ്രതിമാസം പതിനായിരം രൂപ പോക്കറ്റ് മണിയായും ലഭിക്കും.
കഴിഞ്ഞ ഒക്ടോബർ 28-ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകരിച്ച 1856.67 കോടി രൂപയുടെ 'ഖേലോ ഇന്ത്യ സ്പോർട്സ് ഗുഡ്സ് മാനുഫാക്ചറിങ് സ്കീം' കേരളത്തിലെ കായിക ഉപകരണ നിർമാണ-തൊഴിൽ സംരംഭങ്ങൾക്ക് വലിയ പ്രോത്സാഹനമാകും. 2026-27 മുതൽ 2033-34 വരെയുള്ള കാലയളവിലേക്കാണ് ഈ തുക വകയിരുത്തിയിരിക്കുന്നത്. ഇതിനുപുറമെ, ദേശീയ കായിക ഫെഡറേഷനുകൾക്കായി 36,444 കോടി രൂപയുടെ സംയുക്ത വിഹിതവും 2026-27 ബജറ്റിൽ കായികരംഗത്തിനായി 4479.78 കോടി രൂപയും നീക്കിവെച്ചത് കേന്ദ്രത്തിന്റെ ഉറച്ച പിന്തുണയ്ക്ക് തെളിവാണ് (2013-14 കാലയളവിൽ ഇത് 1219 കോടി രൂപ മാത്രമായിരുന്നു).
മാപ്പുകൾ കാണുക
രാജ്യത്തെ ജനസംഖ്യയുടെ 65 ശതമാനത്തോളം വരുന്ന 35 വയസ്സിന് താഴെയുള്ള യുവതയുടെ കരുത്ത് തിരിച്ചറിഞ്ഞാണ് കായിക മേഖലയ്ക്ക് കേന്ദ്രസർക്കാർ ഇത്രയധികം പ്രാധാന്യം നൽകുന്നത്. ഗ്രാമ-നഗര വ്യത്യാസമില്ലാതെ, വിഭവങ്ങളുടെ പരിമിതികൾ തടസ്സമാകാതെ കായിക പ്രതിഭകൾക്ക് ശാസ്ത്രീയ പരിശീലനവും സാമ്പത്തിക പിന്തുണയും ഉറപ്പാക്കാൻ വിപുലീകരിച്ച ഖേലോ ഇന്ത്യ പദ്ധതിക്ക് സാധിക്കും. 2026-ലെ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യ നേടിയ നാലാം സ്ഥാനം ഈ വളർച്ചയുടെ നേർക്കാഴ്ചയാണ്.
മുൻപുണ്ടായിരുന്ന മൂന്ന് കേന്ദ്ര പദ്ധതികളെ സംയോജിപ്പിച്ച് രൂപം നൽകിയ ഖേലോ ഇന്ത്യ, കായിക ശാസ്ത്രത്തിന്റെയും നൂതന സാങ്കേതികവിദ്യ യുടെയും സഹായത്തോടെ താരങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുകയാണ് ലക്ഷ്യമിടുന്നത്. പരിശീലകരുടെ ശേഷി വർധിപ്പിച്ചും പ്രാദേശിക ലീഗുകൾ സംഘടിപ്പിച്ചും 2036-ഓടെ ഇന്ത്യയെ ലോകത്തെ മുൻനിര കായിക ശക്തിയാക്കി മാറ്റാനുള്ള വലിയ മുന്നേറ്റത്തിൽ കേരളത്തിനും നിർണായക പങ്കുവഹിക്കാനാകും.