ചൈനയിൽ നിന്ന് ബംഗ്ലാദേശിലേക്ക് പോയ കപ്പലിൽ 100 മിസൈലുകൾ നിർമ്മിക്കാൻ ശേഷിയുള്ള രാസവസ്തുക്കൾ; സുരക്ഷാ വെല്ലുവിളി?

ന്യൂഡൽഹി: റോക്കറ്റ് പ്രൊപ്പല്ലന്റുകളുടെയും ചില സ്ഫോടകവസ്തുക്കളുടെയും നിർമ്മാണത്തിനും വ്യാവസായിക ആവശ്യങ്ങൾക്കും ഉപയോഗിക്കുന്ന ശക്തിയേറിയ ഓക്സീകരണ രാസവസ്തുവായ 405 ടൺ സോഡിയം പെർക്ലോറേറ്റ് വഹിച്ചിരുന്ന കൊമോറോസ് പതാകയുള്ള ചരക്കുകപ്പൽ ഇന്തോനേഷ്യൻ നാവികസേന ബെലവാൻ തീരക്കടലിൽ വെച്ച് പിടികൂടി. ചൈനയിൽ നിന്ന് ബംഗ്ലാദേശിലേക്ക് പോവുകയായിരുന്ന 'എം.വി. സ്റ്റാർ ലൈൻ' എന്ന കപ്പലാണ് നവംബർ 7-ന് കസ്റ്റഡിയിലെടുത്തത്.

ഭീമമായ അളവിലുള്ള സോഡിയം പെർക്ലോറേറ്റ് പിടിച്ചെടുത്തത് ധാക്കയുടെ മിസൈൽ പദ്ധതിയെ പിന്തുണയ്ക്കുന്നതിൽ ബീജിംഗിനുള്ള പങ്കിനെക്കുറിച്ച് ചോദ്യങ്ങൾ ഉയർത്തിയിട്ടുണ്ട്. ചൈന, പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നിവ തമ്മിലുള്ള സൈനിക സഹകരണം കൂടുതൽ ശക്തമായേക്കാം എന്നതിലേക്കും, ഇത് ഇന്ത്യയ്ക്ക് ഉയർത്തിയേക്കാവുന്ന സുരക്ഷാ വെല്ലുവിളികളിലേക്കും ഈ സംഭവവികാസം വീണ്ടും ശ്രദ്ധ ക്ഷണിച്ചിരിക്കുകയാണ്.

ഇന്ധനം നിറയ്ക്കുന്നതിനായി ബെലവാൻ തീരത്ത് നിർത്തിയ കപ്പലിന്റെ അസ്വാഭാവിക നീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് നാവികസേന പരിശോധന നടത്താൻ തീരുമാനിക്കുകയായിരുന്നുവെന്ന് ഇന്തോനേഷ്യൻ വാർത്താ മാധ്യമമായ 'വസ്പദ.ഐഡി' റിപ്പോർട്ട് ചെയ്തു. ഇന്തോനേഷ്യൻ നാവികസേനയുടെ റീജിയണൽ കമാൻഡ്-1 കമാൻഡർ റിയർ അഡ്മിറൽ ഡെന്നി സെപ്റ്റിയാന നവംബർ 20-ന് ബെലവാനിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് കപ്പൽ പിടികൂടിയതിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്തിയത്.

കപ്പൽ നിശ്ചിത പാതയിൽ നിന്ന് മാറി സഞ്ചരിക്കുന്നത് കണ്ടെത്തിയതിനെത്തുടർന്ന് നാവികസേനയുടെ പട്രോളിംഗ് കപ്പലായ കെ.ആർ.ഐ സിഗാലു-857-ന് സംശയം തോന്നുകയായിരുന്നു. തുടർന്ന് പട്രോളിംഗ് സംഘം കപ്പലുമായി ബന്ധപ്പെട്ട് കൂടുതൽ പരിശോധന നടത്തിയപ്പോൾ രേഖകളിലും ചരക്കിലും പൊരുത്തക്കേടുകൾ കണ്ടെത്തി. തുടർന്ന് കെ.ആർ.ഐ സിഗാലു കമാൻഡർ കോർമാഡ-1 ആസ്ഥാനവുമായി ഏകോപിപ്പിച്ച് കപ്പലിൽ തിരച്ചിൽ നടത്താൻ ഉത്തരവിടുകയായിരുന്നു.

ഇന്തോനേഷ്യൻ നാവികസേനയുടെ കണക്കനുസരിച്ച്, കപ്പലിലുണ്ടായിരുന്ന 36 കണ്ടെയ്‌നറുകളിൽ 15 എണ്ണത്തിൽ സോഡിയം പെർക്ലോറേറ്റ് ആയിരുന്നു. ആകെ 405 ടൺ രാസവസ്തുവാണ് പിടിച്ചെടുത്തത്. വ്യാവസായിക ഉപയോഗങ്ങളുള്ള തന്ത്രപ്രധാനമായ ഓക്സീകരണ ഏജന്റായ ഈ രാസവസ്തു റോക്കറ്റ്, മിസൈൽ പ്രൊപ്പല്ലന്റുകളുടെ നിർമ്മാണത്തിലും ഉപയോഗിക്കുന്നു. പിടികൂടിയ അളവ് ഉപയോഗിച്ച് 100 മിസൈലുകൾ വരെ നിർമ്മിക്കാൻ സാധ്യതയുണ്ടെന്ന് റിയർ അഡ്മിറൽ ഡെന്നി സെപ്റ്റിയാൻ പറഞ്ഞു. രജിസ്റ്റർ ചെയ്യാത്ത ദശലക്ഷക്കണക്കിന് ബ്ലാങ്ക് 4ജി എൽ.ടി.ഇ സിം കാർഡുകൾ അടങ്ങിയ 54 പാലറ്റുകളും കപ്പലിൽ നിന്ന് നാവികസേനാംഗങ്ങൾ കണ്ടെത്തിയതായും റിപ്പോർട്ടുണ്ട്.

ചൈനയിലെ ലിയാൻയുങ്കാങ് തുറമുഖത്ത് നിന്ന് ബംഗ്ലാദേശിലെ മോംഗ്ല തുറമുഖത്തേക്ക് പോവുകയായിരുന്നു കപ്പലെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നവംബർ 8-ന് ഉച്ചയ്ക്ക് മോംഗ്ലയിൽ എത്തേണ്ടിയിരുന്ന കപ്പൽ, മുൻകൂട്ടി നിശ്ചയിക്കാതെ ഇന്തോനേഷ്യൻ സമുദ്രാതിർത്തിയിൽ നിർത്തുകയായിരുന്നു.

വ്യാവസായിക, ലബോറട്ടറി ആവശ്യങ്ങൾക്കും റോക്കറ്റ് പ്രൊപ്പല്ലന്റുകൾ, സ്ഫോടകവസ്തുക്കൾ, പടക്ക നിർമ്മാണ ഉൽപ്പന്നങ്ങൾ എന്നിവയുടെ നിർമ്മാണത്തിനും ഉപയോഗിക്കുന്ന ശക്തിയേറിയ ഓക്സീകരണ രാസവസ്തുവാണ് സോഡിയം പെർക്ലോറേറ്റ്. ബംഗ്ലാദേശിലേക്ക് കൊണ്ടുപോവുകയായിരുന്ന 405 ടൺ ചരക്കിന്റെ ഉടമസ്ഥത, ഉറവിടം, ഇത് ആർക്കുവേണ്ടിയാണ് എത്തിക്കുന്നത് എന്നിവയെക്കുറിച്ച് ഈ സംഭവം നിരവധി ചോദ്യങ്ങൾ ഉയർത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *