തിരുവനന്തപുരം: കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. മണിക്കൂറിൽ 40-50 കിലോമീറ്റർവരെ വേഗതയിൽ ശക്തമായ കാറ്റും വീശിയേക്കും. വരുംദിവസങ്ങളിലും ഇത് തുടരുമെന്നാണ് അറിയിപ്പ്.
ഇന്ന് തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. അതിനാൽ മുന്നറിയിപ്പിന്റെ ഭാഗമായി ഇന്ന് വൈകുന്നേരം 04.00 നും 04.30 നും ഇടയിലായി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ കവച മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായുള്ള സൈറണുകൾ മുഴങ്ങുന്നതായിരിക്കും.
കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കാസർകോട് ജില്ലകളിൽ യെല്ലോ അലേർട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലീമീറ്റർ മുതൽ 115.5 മില്ലീമീറ്റർവരെ ശക്തമായ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. മഴ ശക്തമാകാൻ സാദ്ധ്യതയുള്ളതിനാൽ മലയോരമേഖലകളിലും തീരപ്രദേശത്തും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നാണ് നിർദേശം.