കൊച്ചിയിൽ ഡോക്‌ടർക്ക് ക്രൂരമർദ്ദനം; യുവനടി അറസ്റ്റിൽ, ഹണിട്രാപ്പെന്ന് സംശയം

കൊച്ചി: ഡോക്‌ടർക്ക് ക്രൂരമർദ്ദനമേറ്റ സംഭവത്തിൽ നടി അറസ്റ്റിൽ. നടിയും അഭിഭാഷകയുമായ അതുല്യ ചന്ദ്രനാണ് അറസ്റ്റിലായത്. കൊച്ചിയിലാണ് സംഭവം. ചികിത്സിക്കാനെന്ന വ്യാജേന ഡോക്‌ടറെ വിളിച്ചുവരുത്തി മർദ്ദിച്ചെന്നാണ് പരാതി. നടിയടക്കം മൂന്നുപേരാണ് കേസിൽ അറസ്റ്റിലായത്.

കഴിഞ്ഞ ചൊവ്വാഴ്‌ചയായിരുന്നു കേസിനാസ്‌പദമായ സംഭവം നടന്നത്. 41 വയസുകാരനായ ഡോക്‌ടറാണ് മർദ്ദനത്തിനിരയായത്. അതുല്യയും ഡോക്‌ടറും സുഹൃത്തുക്കളായിരുന്നു. തന്റെ അമ്മയുടെ അനുജത്തിക്ക് ചില ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും ഇവർ തന്റെ ഫ്ളാറ്റിലുള്ളതിനാൽ ഇവിടേയ്ക്ക് വരണമെന്നും ആവശ്യപ്പെട്ട് അതുല്യ ഡോക്‌ടറെ ഫോണിൽ ബന്ധപ്പെടുകയായിരുന്നു. പൊന്നുരുന്നി ഭാഗത്തുള്ള ഫ്ളാറ്റിന്റെ മൂന്നാം നിലയിലാണ് അതുല്യ താമസിച്ചിരുന്നത്.

ഇവിടെയെത്തിയപ്പോൾ നടി ഉൾപ്പെടെ 12 പേർ ഫ്ളാറ്റിലുണ്ടായിരുന്നതായി ഡോക്‌ടറുടെ പരാതിയിൽ പറയുന്നു. ബിബിൻ എന്നയാളാണ് കേസിലെ ഒന്നാം പ്രതി. ഡോക്‌ടറെ കസേരയിൽ ഇരുത്തിയതിനുശേഷം എല്ലാവരും ചേർന്ന് മർദ്ദിച്ചെന്നാണ് പരാതിയിൽ പറയുന്നത്. ഡോക്‌ടറുടെ ഫോണും വാച്ചുമടക്കം മൂന്ന് ലക്ഷം രൂപയുടെ സാധനങ്ങൾ തട്ടിയെടുത്തതായും പരാതിയിൽ വ്യക്തമാക്കുന്നു. കടവന്ത്ര പൊലീസ് ആണ് കേസന്വേഷിക്കുന്നത്. ഹണിട്രാപ്പാണോയെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. പിടിയിലാകാനുള്ള ഒൻപത് പേർക്കായി അന്വേഷണം ഊർജിതമാക്കിയതായും പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *