‘പുതിയ അതിഥി നേത്ര ’കോഴിക്കോട് അമ്മത്തൊട്ടിലിൽ പന്ത്രണ്ടാമത്തെ പൊന്നോമന ; ഏഴ് ദിവസം പ്രായമായ പെണ്‍കുഞ്ഞിനെ ലഭിച്ചു

കോഴിക്കോട്: കോഴിക്കോട് അമ്മത്തൊട്ടിലിൽ പുതിയ അതിഥിയെത്തി. ഏഴ് ദിവസം പ്രായമായ പെണ്‍കുഞ്ഞിനെയാണ് ലഭിച്ചത്. കുഞ്ഞിന് നേത്ര എന്ന് പേര് നൽകി. കോഴിക്കോട് അമ്മത്തൊട്ടിലിൽ എത്തുന്ന പന്ത്രണ്ടാമത്തെ കുഞ്ഞാണ് നേത്ര. കുഞ്ഞ് പൂർണ ആരോഗ്യവതിയെന്ന് അധികൃതർ അറിയിച്ചു.

ലോക കാഴ്ച ദിനത്തിൽ കിട്ടിയ കുഞ്ഞിന് അതുകൊണ്ട് തന്നെ നേത്ര എന്ന് പേരിട്ടു.കേരളം സംസ്ഥാന ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിൽ പ്രവർത്തിക്കുന്ന അമ്മത്തൊട്ടിലുകളിലെത്തിയതിൽ 1003-ാമത്തെ കുഞ്ഞാണ് നേത്ര.കോഴിക്കോട് ബീച്ച് ആശുപത്രിക്ക് സമീപം അത്യാധുനിക സൗകര്യങ്ങളോടെ സ്ഥാപിച്ച അമ്മത്തൊട്ടിൽ ഒരു വർഷം പിന്നിടുമ്പോൾ ഇവിടെ എത്തുന്ന 12-ാമത്തെ കുഞ്ഞാണിത്. ബുധനാഴ്ച വൈകുന്നേരം 5.30 ഓടെയാണ് വെറും 7 ദിവസം മാത്രം പ്രായവും 2.89 കിലോഗ്രാം തൂക്കവുമുള്ള പെൺകുരുന്നിനെ അമ്മത്തൊട്ടിലിൽ കണ്ടെത്തിയത്. ഇതോടെ കോഴിക്കോട് അമ്മത്തൊട്ടിൽ വഴി ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിൽ എത്തിയത് 7 പെൺകുട്ടികളും 5 ആൺകുട്ടികളുമാണ്.

കുഞ്ഞ് തൊട്ടിലിലെത്തിയ ഉടൻ തൊട്ടിലിനോട് ചേർന്നുള്ള ബീച്ച് ആശുപത്രി നഴ്സിംഗ് സ്റ്റേഷനിൽ അലാറം മുഴങ്ങി. നിമിഷങ്ങൾക്കകം നഴ്സുമാർ ഓടിയെത്തി കുഞ്ഞിനെ ഏറ്റെടുത്ത് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ഡോക്ടർമാരുടെ പ്രാഥമിക പരിശോധനയിൽ കുഞ്ഞ് പൂർണ ആരോഗ്യവതി ആണെന്ന് കണ്ടെത്തി.

Leave a Reply

Your email address will not be published. Required fields are marked *