ന്യൂഡൽഹി: കേന്ദ്ര പുതിയ – പുനരുപയോഗ ഊർജ്ജ മന്ത്രാലയത്തിന്റെ (MNRE) അഭിമാനകരമായ 'പിഎം സൂര്യ ഘർ എക്സലൻസ് അവാർഡ്' സ്വന്തമാക്കി മലയാളി യുവ സംരംഭകൻ. ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ 'പിഎം സൂര്യ ഘർ: മുഫ്ത് ബിജ്ലി യോജന' പദ്ധതി വിജയകരമായി നടപ്പിലാക്കിയതിനാണ് SPAHJ ഇന്ത്യ ട്രേഡിംഗ് പ്രൈവറ്റ് ലിമിറ്റഡിന് ഈ ദേശീയ അംഗീകാരം ലഭിച്ചത്.
ന്യൂഡൽഹി ഭാരത് മണ്ഡപത്തിൽ നടന്ന ചടങ്ങിൽ, കമ്പനി സിഇഒ അഭിജിത്ത് എ, പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉപദേഷ്ടാവ് തരുൺ കപൂറിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി. ഭാരത് റിന്യൂവബിൾ എനർജി സമ്മിറ്റ് & എക്സ്പോ 2026, ഇന്റർനാഷണൽ സോളാർ അലയൻസിന്റെ ഒൻപതാമത് ജനറൽ അസംബ്ലി, നാലാമത് ഗ്രീൻ ഹൈഡ്രജൻ അന്താരാഷ്ട്ര സമ്മേളനം എന്നിവയുടെ ഭാഗമായാണ് ചടങ്ങ് സംഘടിപ്പിച്ചത്.
രാജ്യത്തുടനീളം ഒരു കോടി വീടുകളിൽ സൗരോർജ്ജം എത്തിക്കുക എന്ന ലക്ഷ്യത്തിലേക്ക് മികച്ച സംഭാവനകൾ നൽകിയ മികച്ച വെണ്ടർമാർ, ബ്രാൻഡ് ഉടമകൾ, കേന്ദ്ര മന്ത്രാലയങ്ങൾ എന്നിവരെ ആദരിക്കുന്നതിനാണ് ഈ പുരസ്കാരം നൽകുന്നത്. അഭിജിത്ത് തിരുവനന്തപുരം പാപ്പനംകോട് ശ്രീ ചിത്തിര തിരുനാൾ കോളേജ് ഓഫ് എൻജിനീയറിംഗിലെ (SCT College of Engineering) പൂർവ്വ വിദ്യാർത്ഥിയാണ്.