സംസ്ഥാനത്ത് വീണ്ടും സ്വർണവില ഇടിഞ്ഞു; ഇന്ന് മാത്രം കുറഞ്ഞത് പവന് രണ്ടായിരത്തിലേറെ രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും ഇടിഞ്ഞു. പവന് 2,040 രൂപ കുറഞ്ഞ് 97,720 രൂപയായി. ഗ്രാമിന് 255 രൂപ കുറഞ്ഞ് 12,215 രൂപയായി. ആഭരണപ്രേമികളുടെ ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ഇന്നലെയാണ് സ്വർണവില ഒരു ലക്ഷത്തിൽ താഴെ എത്തിയത്. ഇതിന് മുമ്പ് ഈ വർഷം മാർച്ച് 23ന് പവന് 99,480 രൂപയിൽ എത്തിയിരുന്നു.

ഡോളർ രാജ്യാന്തര തലത്തിൽ മറ്റ് കറൻസികൾക്കെതിരെ ഉയരുകയാണെങ്കിലും രൂപയ്‌ക്ക് മുന്നിൽ മൂല്യം കുറഞ്ഞു. ഇതും ആഭ്യന്തര സ്വർണവില കുറയാൻ കാരണമായി. ഔൺസിന് 61.32 ഡോളർ‌ ഇടിഞ്ഞ് 3787.44 ഡോളർ ആണ് ഇപ്പോൾ രാജ്യാന്തരവില. 2025 സെപ്‌തംബറിനുശേഷമുള്ള ഏറ്റവും താഴ്ന്ന വിലയാണിത്. കഴിഞ്ഞ തിങ്കളാഴ്‌ച മുതൽ ഇന്നുവരെ കേരളത്തിൽ പവന് കുറഞ്ഞത് 3,200 രൂപയാണ്. ഗ്രാമിന് 400 രൂപയും കുറഞ്ഞു.

ഈ വർഷം ജനുവരി 29ന് കേരളത്തിൽ പവൻ വില റെക്കോർഡ് 1,31,160 രൂപയായിരുന്നു. ഗ്രാം വില 16,395 രൂപയും. അതിനുശേഷം ഇതുവരെ പവന് 33,440 രൂപ കുറഞ്ഞു. ഗ്രാമിന് കുറഞ്ഞത് 4180 രൂപ. യുഎസിൽ പണപ്പെരുപ്പം കടുത്ത ഭീഷണിയെന്നോണം ഉയർന്നതലത്തിലാണെന്നും അടിസ്ഥാന പലിശനിരക്ക് കൂട്ടേണ്ട സാഹചര്യമാണുള്ളതെന്നും കേന്ദ്രബാങ്ക് ഫെഡറൽ റിസർവിന്റെ സെന്റ് ലൂയിസ് പ്രസിഡന്റ് ആൽബെർട്ടോ മുസലെം, ന്യൂയോർക്ക് പ്രസിഡന്റ് ജോൺ വില്യംസ് എന്നിവർ പറഞ്ഞതാണ് സ്വർണത്തിനിപ്പോൾ വിലയിടിവിന് കാരണമായത്.

Leave a Reply

Your email address will not be published. Required fields are marked *