കൊച്ചി: പ്ലാനിംഗ് ബോര്‍ഡിലെ മൂല്യനിര്‍ണ്ണയ ക്രമക്കേടില്‍ പി.എസ്.സി.യെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. പരീക്ഷയില്‍ 58 ചോദ്യങ്ങളില്‍ ഉണ്ടായ മാറ്റം ഗുരുതരവീഴ്ചയാണെന്നും പ്രഥമദൃഷ്ട്യാ തന്നെ ഗുരുതര അഴിമതിയാണെന്നും വിലയിരുത്തിയ കോടതി അന്വേഷണം തുടങ്ങും മുമ്പ് എതിര്‍ക്കുന്നത് എന്തിനാണെന്നും ചോദിച്ചു. വാദം കേള്‍ക്കുന്നതിന് അടുത്ത വ്യാഴാഴ്ചത്തേക്ക് ഹര്‍ജി മാറ്റി.
പരീക്ഷയിലെ ചോദ്യങ്ങള്‍ മൂല്യനിര്‍ണയം നടത്താതിരുന്നത് ക്ലറിക്കല്‍ പിഴവാണെന്ന് പറയാനാവില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. പി.എസ്.സി യുവാക്കളുടെ പ്രതീക്ഷയാണ്. അതിന്റെ വിശ്വാസ്യത കാത്തുസൂക്ഷിക്കണം. അതിനെ തകര്‍ക്കുന്ന നടപടികള്‍ അനുവദിക്കാന്‍ കഴിയില്ലെന്നും പറഞ്ഞു. അന്വേഷണം തടയണമെന്ന പി.എസ്.സി. യുടെ വാദത്തില്‍ അന്വേഷണം തടയണമെന്ന വാദം ശരിയല്ലെന്നും പി.എസ്.സിയ്ക്ക് എതിരേ ഒന്നും അന്വേഷിക്കരുതെന്നാണോ നിലപാടെന്നും കോടതി ചോദിച്ചു.
നോട്ടീസ് നല്‍കിയിട്ടും പിഎസ് സി ഉദ്യോഗസ്ഥര്‍ ചോദ്യംചെയ്യലിന് ഹാജരാകാത്ത സാഹചര്യം ചൂണ്ടിക്കാട്ടിയപ്പോള്‍ എന്തുകൊണ്ടാണ് അവര്‍ക്കെതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കാത്തതെന്ന് കോടതി ചോദിച്ചു. പി.എസ്.സി. അന്വേഷണവുമായി സഹകരിക്കുകയല്ലേ വേണ്ടതെന്ന് കോടതി ചോദിച്ചു. ഗുരുതര ആരോപണമാണ് ഉയര്‍ന്ന സാഹചര്യത്തില്‍ അന്വേഷണം തടയണമെന്ന ഹര്‍ജി നിലനില്‍ക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
2022 ലെ വിജ്ഞാപനം അനുസരിച്ച് ആസൂത്രണ ബോര്‍ഡിലെ ഉയര്‍ന്ന തസ്തികയുമായി ബന്ധപ്പെട്ട നിയമനമാണ് വിവാദമായത്. ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ വിഭാഗം, പേഴ്സ്പെക്ടീവ് പ്ലാനിങ് വിഭാഗം, പ്ലാനിങ് കോഡിനേഷന്‍ ജോലിയിലേക്കുള്ള പരീക്ഷയില്‍ ഒന്‍പതു മുതല്‍ 18 വരെയുള്ള ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ മൂല്യനിര്‍ണയം നടത്താതെ ബാക്കിയുള്ള ഉത്തരങ്ങളുടെ മാര്‍ക്കും അഭിമുഖത്തിന്റെ മാര്‍ക്കും ചേര്‍ത്ത് 2025 മേയില്‍ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചതാണ് ചോദ്യം ചെയ്യപ്പെട്ടത്.