തിരുവനന്തപുരം: കനത്ത ഇടിവിന് ശേഷം വീണ്ടും സ്വർണവില തിരിച്ചുകയറുന്നു. തുടർച്ചയായ രണ്ടാം പ്രവൃത്തിദിനമാണ് സ്വർണവില ഉയരുന്നത്. സംസ്ഥാനത്ത് ഇന്ന് ഗ്രാമിന് 35 രൂപ ഉയർന്ന് 13,570 രൂപയായി. പവന് 280 രൂപ വർദ്ധിച്ച് 1,08,560 രൂപയിലെത്തി. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് വില ഇടിഞ്ഞതും യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് ഉയർത്തില്ലെന്ന വിലയിരുത്തലുമാണ് സ്വർണത്തിന് തിരിച്ചുകയറാൻ വഴിയൊരുക്കുന്നത്.
ഔൺസിന് 4156 ഡോളറായിരുന്ന രാജ്യാന്തരവില 4180 ഡോളറിലേക്ക് ഉയർന്നു. എണ്ണവില കുറയുന്നത് പണപ്പെരുപ്പം കുറയാനും സഹായിക്കുമെന്ന വിലയിരുത്തലാണ് സ്വർണവില ഉയരാൻ മറ്റൊരു കാരണം. പണപ്പെരുപ്പം താഴ്ന്നാൽ ഡോളറും ബോണ്ട് യീൽഡും ഉയരാനുള്ള സാദ്ധ്യത മങ്ങും. ഇത് സ്വർണത്തിന്റെ ഡിമാൻഡ് കൂട്ടുകയും വില ഉയർത്തുകയും ചെയ്യും.
ആഗോളതലത്തിൽ നിലനിൽക്കുന്ന സാമ്പത്തിക മാന്ദ്യവും പ്രതിസന്ധികളും സ്വർണത്തെ ഒരു മികച്ച സുരക്ഷിത നിക്ഷേപ മാർഗമാക്കി മാറ്റുന്നു. ഇത് വരും ദിവസങ്ങളിൽ സ്വർണത്തിന്റെ ഡിമാൻഡ് വർദ്ധിപ്പിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. ഫ്രാൻസിൽ ആരംഭിച്ച കലാപം മറ്റ് യൂറോപ്യൻ രാജ്യങ്ങളിലേക്ക് പടരുന്നത് ആഗോളസ്വർണ ഡിമാഡിനെ സ്വാധീനിച്ചേക്കും.
സംസ്ഥാനത്ത് വെള്ളിവിലയിൽ ഇന്ന് മാറ്റമില്ല. ഇന്ന് ഗ്രാമിന് 240 രൂപയാണ് വിപണിവില. 10 ഗ്രാമിന് 2,400 രൂപയിലാണ് വ്യാപാരം നടക്കുന്നത്.