കാഠ്മണ്ഡു: നേപ്പാൾ പ്രീമിയർ ലീഗിൽ (എൻപിഎൽ) പങ്കെടുക്കുന്ന താരങ്ങൾക്ക് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻഒസി) അനുവദിക്കുന്നതിനായി 25000 യുസ് ഡോളർ (23 ലക്ഷം രൂപ) ആവശ്യപ്പെട്ട് പാക് ക്രിക്കറ്റ് ബോർഡ് (പിസിബി). ഓരോ താരവും ഈ തുക നൽകണമെന്നാണ് മൊഹ്സീൻ നഖ്വിയുടെ നേതൃത്വത്തിലുള്ള പിസിബി ആവശ്യപ്പെട്ടിരിക്കുന്നത്. ഇതേതുടർന്ന് പിസിബിയെ നേപ്പാൾ ലീഗ് അധികൃതർ രൂക്ഷഭാഷയിൽ വിമർശിക്കുന്നതായാണ് റിപ്പോർട്ട്.
പാകിസ്ഥാൻ ട്വന്റി20 നായകൻ സാഹിബ്സാദ ഫർഹാൻ ഉൾപ്പെടെ നിരവധി പ്രമുഖ താരങ്ങളാണ് ഇത്തവണ എൻപിഎല്ലിൽ കളിക്കാനായി കരാറിലേർപ്പെട്ടിരിക്കുന്നത്. ഇഫ്തിഹാർ അഹമ്മദ്, ഹസൻ അലി, ഹൈദർ അലി, ഹുസൈൻ തലാത്ത്, ഉസാമ മിർ, യുവ പേസർ ഹുനൈൻ ഷാ എന്നിവരും പട്ടികയിലുണ്ട്. ടൂർണമെന്റിൽ പങ്കെടുക്കുന്നതിനായി ചില താരങ്ങൾ ഇതിനകം നേപ്പാളിൽ എത്തിയിട്ടുണ്ട്. എന്നാൽ, പിസിബിയുടെ എൻഒസി ലഭിക്കാത്തതിനെ തുടർന്ന് മറ്റു ചില താരങ്ങൾ യാത്രമാറ്റിവച്ചിരിക്കുന്നതായാണ് റിപ്പോർട്ട്.
ടൂർണമെന്റ് ആരംഭിക്കാനിരിക്കെ പിസിബി മുന്നോട്ടുവച്ചിരിക്കുന്ന ആവശ്യം സംഘാടകരെയും താരങ്ങളെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ പിസിബി ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. എൻപിഎല്ലിൽ കളിക്കാൻ കരാറിലേർപ്പെട്ടിരിക്കുന്ന പാക് താരങ്ങളാരും നിലവിൽ രാജ്യത്തിന്റെ ടെസ്റ്റ്, ഏകദിന ടീമുകളുടെ ഭാഗമല്ല. അതിനാൽ, പാകിസ്ഥാൻ പങ്കെടുക്കുന്ന അന്താരാഷ്ട്ര മത്സരങ്ങളുണ്ടായാലും ഇവർക്ക് എൻപിഎല്ലിൽ പങ്കെടുക്കുന്നതിന് തടസമില്ല. ട്വന്റി20 അന്താരാഷ്ട്ര മത്സരങ്ങളിലും പാകിസ്ഥാന് ഉടൻ നിശ്ചയിച്ചിട്ടുള്ള മത്സരങ്ങളില്ലെന്നാണ് വിവരം. എന്നിട്ടും എൻഒസി ലഭിക്കുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതത്വം താരങ്ങളുടെ പങ്കാളിത്തത്തെ ബാധിച്ചേക്കുമെന്ന ആശങ്ക ശക്തമാണ്.