വിശാഖപട്ടണം: അർണബ് അതിതീവ്ര ചുഴലിക്കാറ്റായി കരയിലേക്ക് നീങ്ങാൻ തുടങ്ങിയതോടെ അതീവ ജാഗ്രതയിൽ ആന്ധ്രാപ്രദേശും ഒഡിഷയും. വിശാഖപട്ടണത്തും ഒഡിഷയിലും മഴ കനത്തു. നാല് വിമാനസർവീസുകൾ റദ്ദാക്കുകയും നാല് എണ്ണം വഴിതിരിച്ചുവിടുകയും ചെയ്തു. 72 ട്രെയിനുകൾ റദ്ദാക്കി. ശ്രീലങ്കയിലും നേപ്പാളിലും ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
ആന്ധ്രാ തീരത്ത് തിരമാലകൾ 14 മീറ്റർ വരെ ഉയരാമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആന്ധ്രയിലെ കാക്കിനടയിൽ നിന്ന് 89,000 പേരെ ഒഴിപ്പിച്ചു. കാറ്റ് നാളെ പുലർച്ചെ കര തൊടുമെന്നാണ് പ്രവചനം. കാക്കിനട തീരത്തുനിന്ന് മാത്രം 89,000 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. ആന്ധ്രയിലെ ഹോപ് ഐലൻഡ് പൂർണമായും ഒഴിപ്പിച്ചു. 1400ൽ ഏറെ ദുരിതാശ്വാസ ക്യാന്പുകൾ തയ്യാറാക്കിയിട്ടുണ്ട്. നാലായിരത്തിലേറെ ഗർഭിണികളെ സുരക്ഷിത താവളങ്ങളിലെത്തിച്ചു. കടലിൽ പോയ മീൻപിടിത്ത ബോട്ടുകളെല്ലാം സുരക്ഷിതമായി തീരത്ത് അടുപ്പിച്ചു.
അതേസമയം അയൽസംസ്ഥാനമായ ഒഡിഷയും കനത്ത ജാഗ്രതയിലാണ്. ഒഡിഷയിൽ പലയിടത്തും മഴ കനത്തു കഴിഞ്ഞു. ആന്ധ്രാ തീരത്ത് ഇന്നും നാളെയും അതിശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഒഡിഷയിൽ നാളെ അതിതീവ്ര മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഛത്തിസ്ഗഡ്, യുപി സംസ്ഥാനങ്ങളിലും മഴ കനക്കുമെന്നാണ് അറിയിപ്പ്.