തിരുവനന്തപുരം :ചെറുപ്രായത്തിൽ മനസ്സിൽ തോന്നിയ കൊച്ചുകൗതുകങ്ങളെ പ്രായോഗിക ശാസ്ത്രമാക്കി മാറ്റി അന്താരാഷ്ട്ര ശ്രദ്ധ നേടിയ യുവ ഇൻവെന്റർ മാഷ നസീം പ്രവർത്തനമേഖല ആഗോള തലത്തിലേക്ക് വ്യാപിപ്പിക്കുന്നു. കേരളത്തിന്റെ അതിർത്തി പങ്കിടുന്ന തമിഴ്നാട്ടിലെ നാഗർകോവിൽ സ്വദേശിനിയായ മാഷ, തിരുവനന്തപുരത്തുനിന്നും വെറും 70 കിലോമീറ്റർ മാത്രം അകലെയുള്ള ഈ കടന്നുവരവിലൂടെ കേരളത്തിലെ യുവത്വത്തിന് കണ്ടുപിടിത്ത മേഖലയിൽ പുതിയ അവബോധവും പ്രചോദനവും പകരുകയാണ്.
സർക്കാർ ജീവനക്കാരനായ കാജ നസീമുദീന്റെയും സുമയ്യ ബീഗത്തിന്റെയും മകളായി 1993-ൽ ജനിച്ച മാഷ, തന്റെ എട്ടാം വയസ്സിൽ അതായത് നാലാം ക്ലാസിൽ പഠിക്കുമ്പോൾ തന്നെ കവർച്ചക്കാർ എത്തുമ്പോൾ സ്വയം മുഴങ്ങുന്ന അലാറം രൂപകൽപ്പന ചെയ്ത് മാതാപിതാക്കളെ അത്ഭുതപ്പെടുത്തിയിരുന്നു. നൂതന ആശയങ്ങൾ അത്യാധുനിക ലബോറട്ടറികളിൽ നിന്ന് മാത്രമാണ് ഉത്ഭവിക്കുന്നത് എന്ന മിഥ്യാധാരണയാണ് ദൈനംദിന ജീവിതത്തിലെ പ്രശ്നങ്ങൾക്ക് ലളിതമായ പരിഹാരങ്ങൾ കണ്ടെത്തിക്കൊണ്ട് ഈ മിടുക്കി തിരുത്തിയത്.
"കാര്യങ്ങൾ എങ്ങനെ കൂടുതൽ മെച്ചപ്പെടുത്താം" എന്ന ലളിതമായ ചോദ്യമാണ് മാഷയുടെ കണ്ടുപിടിത്തങ്ങളുടെ പുറകിലെ പ്രേരകശക്തി.
ശാസ്ത്രത്തെ സ്കൂളിലെ ഒരു പാഠ്യവിഷയമായി മാത്രം കാണാതെ, ദൈനംദിന പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ഒരു പ്രായോഗിക ഉപകരണമാക്കി മാറ്റിയതാണ് അവരുടെ വിജയം. മാതാപിതാക്കളുടെ നിർലോഭമായ പ്രോത്സാഹനത്തോടെ സ്കൂൾ കാലഘട്ടം മുതൽ തന്നെ ശാസ്ത്ര പ്രദർശനങ്ങളിൽ സ്ഥിരസാന്നിധ്യമായ മാഷ, 2006-ൽ തന്റെ 13-ാം വയസ്സിൽ ഹൈദരാബാദിൽ നടന്ന ഇന്ത്യൻ സയൻസ് കോൺഗ്രസിൽ ട്രെയിനുകളിലെ ഹൈടെക് സൂചിമുറികൾ അവതരിപ്പിച്ച് ദേശീയശ്രദ്ധ നേടി. അന്നത്തെ ഇന്ത്യൻ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുൾ കലാം മാഷയുടെ ശാസ്ത്ര പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയും ആശയങ്ങൾക്ക് പേറ്റന്റ് സംരക്ഷണം നേടാൻ അവളെ പ്രേരിപ്പിക്കുകയും ചെയ്തത് വലിയൊരു വഴിത്തിരിവായി മാറിയിരുന്നു.
മാഷയുടെ ആദ്യകാല കണ്ടുപിടുത്തങ്ങളിൽ ഏറ്റവും ശ്രദ്ധേയമായത് ഇന്ത്യൻ റെയിൽവേക്കായി നിർദ്ദേശിക്കപ്പെട്ട ശുചിത്വമുള്ള ഡ്രൈനേജ് ഡിസ്പോസൽ സംവിധാനമായിരുന്നു. ട്രെയിനുകളിലെ ശുചിമുറികളിൽ നിന്നുള്ള മാലിന്യങ്ങൾ ട്രാക്കുകളെയും സ്റ്റേഷനുകളെയും മലിനമാക്കുന്നത് യാത്രയ്ക്കിടയിൽ ശ്രദ്ധയിൽപ്പെട്ട മാഷ, ഇത് ഒഴിവാക്കാനാകാത്ത അസൗകര്യമായി കണക്കാക്കുന്നതിന് പകരം എൻജിനീയറിങ് ഇടപെടലിലൂടെ പരിഹരിക്കാൻ മുതിരുകയായിരുന്നു. ട്രെയിനിനടിയിൽ ഘടിപ്പിക്കുന്ന സംഭരണ ടാങ്കിൽ മാലിന്യങ്ങൾ ശേഖരിക്കുകയും ഉചിതമായ സ്റ്റേഷനുകളിൽ ഡ്രൈനേജ് കണക്ഷൻ വഴി അത് സംസ്കരിക്കാൻ പ്രാപ്തമാക്കുന്നതുമായിരുന്നു ഈ സംവിധാനം. സിംഗപ്പൂരിലെ വേൾഡ് ടോയ്ലറ്റ് ഓർഗനൈസേഷന്റെ അംഗീകാരം ഉൾപ്പെടെ രണ്ട് ദേശീയ അവാർഡുകളും ഒരു അന്താരാഷ്ട്ര അവാർഡും ഈ കണ്ടുപിടുത്തത്തെ തേടിയെത്തുകയും ഇന്ത്യൻ പേറ്റന്റ് ജേർണൽ ഇത് പ്രസിദ്ധീകരിക്കുകയും ചെയ്തു.
തന്റെ പിതാവിന്റെ ജോലിസ്ഥലത്ത് തീജ്വാല ഉപയോഗിച്ച് സീലിംഗ് മെഴുക് ചൂടാക്കുമ്പോൾ ജീവനക്കാർക്ക് പൊള്ളലേറ്റുണ്ടാകുന്ന അപകടങ്ങൾ കണ്ടറിഞ്ഞ്, തീജ്വാലയില്ലാതെ സീൽ നിർമ്മിക്കാനുള്ള വൈദ്യുതോർജ്ജ ഉപകരണം വികസിപ്പിച്ചതും മാഷയുടെ മാസ്റ്റർപീസുകളിൽ ഒന്നാണ്. നാഷണൽ ഇന്നൊവേഷൻ ഫൗണ്ടേഷന്റെ അംഗീകാരം നേടിയ ഈ ഉപകരണം കൂടാതെ, ഉയർന്ന ക്രോസിങ് ഉപയോഗിച്ച് ഭാരമുള്ള സ്കൂൾ ബാഗുകൾ റോഡിനുറുകെ കൊണ്ടുപോകാൻ സഹായിക്കുന്ന കൺവെയർ ബെൽറ്റ് സിസ്റ്റവും അവർ രൂപകൽപ്പന ചെയ്തു. 2024-ൽ 'സ്റ്റം ബെസ്റ്റ് പ്രാക്ടീസ്'ന്റെ എഡ്യൂക്കേറ്റർ ഓഫ് ദ ഇയർ അവാർഡും, 2024-25 വർഷത്തെ മറിയാമ്മ വർക്കി അവാർഡും നേടിയ മാഷ, 2025-ൽ ദുബായിലെ ജെംസ് ന്യു മില്ലെനിയം സ്കൂളിൽ ചീഫ് ഇന്നൊവേഷൻ ഓഫീസറായി നിയമിതയായി. യു.എ.ഇയിലെ 45-ലധികം സ്കൂളുകളിലെ ഇന്നൊവേഷൻ സംരംഭങ്ങൾക്ക് നേതൃത്വം നൽകിയ അവർ തമിഴ്നാട് മുഖ്യമന്ത്രിയുടെ വനിതാ യുവ അവാർഡിനും അർഹയായിട്ടുണ്ട്.
ബഹുമതികളുടെ തിളക്കം നൽകിയ ആത്മവിശ്വാസമാണ് 'മാഷ ഇന്നൊവേഷൻ സെന്റർ' ആരംഭിക്കാൻ അവരെ പ്രേരിപ്പിച്ചത്. ശാസ്ത്രജിജ്ഞാസ വളർത്തുക, വിദ്യാർത്ഥികൾക്ക് അവരുടെ കണ്ടുപിടുത്ത ആശയങ്ങൾ വികസിപ്പിക്കുന്നതിനുള്ള അവസരങ്ങൾ ഒരുക്കുക എന്നിവയാണ് ഈ കേന്ദ്രത്തിന്റെ ലക്ഷ്യം. ഇവിടെ പരിശീലനം നേടിയ ഒട്ടേറെ വിദ്യാർത്ഥികളുടെ നൂതനാശയങ്ങൾക്ക് ഇതിനോടകം ദേശീയതലത്തിൽ അംഗീകാരം ലഭിച്ചു കഴിഞ്ഞു. ശാസ്ത്രീയ കണ്ടുപിടുത്തങ്ങൾക്കുള്ള അവകാശം പ്രത്യേക പശ്ചാത്തലങ്ങളിൽ നിന്നുള്ളവർക്കോ ഉന്നത ഗവേഷണ സ്ഥാപനങ്ങളിൽ പ്രവേശനം ലഭിക്കുന്നവർക്കോ മാത്രമാണെന്ന തെറ്റിദ്ധാരണയാണ് സാധാരണ കുടുംബത്തിൽ ജനിച്ച് ഉയർന്ന ഉയരങ്ങൾ കീഴടക്കിയ മാഷ തിരുത്തിക്കുറിച്ചിരിക്കുന്നത്.
[
പ്രശ്നങ്ങളെക്കുറിച്ച് പരാതിപ്പെടുകയല്ല, മറിച്ച് അവ പരിഹരിക്കാനുള്ള അറിവും ആത്മവിശ്വാസവുമാണ് പുതിയ തലമുറയ്ക്ക് വേണ്ടത് എന്ന വലിയ സന്ദേശമാണ് മാഷ നസീമിന്റെ ജീവിതം നൽകുന്നത്. ശാസ്ത്രീയ നേട്ടങ്ങളും സാമൂഹ്യ ഉത്തരവാദിത്വവും പരസ്പരം കൈകോർക്കുമ്പോൾ ചരിത്രം എങ്ങനെ വഴിമാറുമെന്ന് കേരളത്തിലെ യുവമനസ്സുകൾക്ക് മുന്നിൽ സ്വന്തം ജീവിതത്തിലൂടെ തെളിയിക്കുകയാണ് ഈ മലയാളി പുത്രി.