ഡൽഹി: കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത (ഡിഎ), ക്ഷാമാശ്വാസം (ഡിആർ) എന്നിവ മൂന്ന് ശതമാനം വർധിപ്പിക്കാൻ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചതായി റിപ്പോർട്ട്. വിലക്കയറ്റം നേരിടാൻ സഹായിക്കുന്നതിനാണ് വർധന.
അടിസ്ഥാന ശമ്പളത്തിന്റെ നിശ്ചിത ശതമാനമായാണ് ജീവനക്കാർക്ക് ഡിഎ നൽകുന്നത്. പെൻഷൻകാർക്കുള്ള സമാന ആനുകൂല്യമാണ് ഡിആർ. സാധാരണയായി വർഷത്തിൽ രണ്ടുതവണയാണ് കേന്ദ്ര സർക്കാർ ഇവ പരിഷ്കരിക്കുന്നത്.
കഴിഞ്ഞ ഏപ്രിലിൽ രണ്ട് ശതമാനം വർധന അനുവദിച്ചതോടെ ഡിഎയും ഡിആറും 60 ശതമാനത്തിലെത്തിയിരുന്നു. പുതിയ മൂന്ന് ശതമാനം വർധന നിലവിൽ വരുന്നതോടെ നിരക്ക് 63 ശതമാനമാകും.