ന്യൂഡല്‍ഹി : എംഎൽസി തിരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിൽ കോൺഗ്രസിനെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നാല് വലിയ സംസ്ഥാനങ്ങളിലെ 28 സീറ്റുകളിലേക്കുള്ള എംഎൽസി തിരഞ്ഞെടുപ്പ് നടന്നു. ബാലറ്റ് പേപ്പറുകൾ ഉപയോഗിച്ചാണ് തിരഞ്ഞെടുപ്പ് നടന്നത്. കോൺഗ്രസ് എത്ര സീറ്റുകൾ നേടിയെന്ന് ഊഹിക്കാമോ എന്ന് മോദിയുടെ ചോദ്യം.
നാല് സംസ്ഥാനങ്ങളിലെ നിയമനിര്‍മാണ കൗണ്‍സിലുകളിലേക്കുള്ള (എംഎല്‍സി) തിരഞ്ഞെടുപ്പ് ഫലങ്ങളില്‍ കോണ്‍ഗ്രസിന് തിരിച്ചടി. ഇതുവരെ ഫലം പ്രഖ്യാപിച്ച സീറ്റുകളിലൊന്നിലും കോണ്‍ഗ്രസിന് വിജയിക്കാനായില്ല. കര്‍ണാടകയില്‍ ബിജെപി-ജെഡിഎസ് സഖ്യം നാല് സീറ്റുകളും നേടി. ബിഹാറില്‍ പ്രശാന്ത് കിഷോറിന്റെ ജന്‍ സൂരാജ് പാര്‍ട്ടി ആദ്യമായി നിയമനിര്‍മാണ കൗണ്‍സിലില്‍ വിജയിച്ചു. ഉത്തര്‍പ്രദേശില്‍ ബിജെപിക്കും സമാജ്വാദി പാര്‍ട്ടിക്കും നേട്ടമുണ്ടായപ്പോള്‍ മഹാരാഷ്ട്രയില്‍ വോട്ടെണ്ണല്‍ തുടരുകയാണ്.കര്‍ണാടകയില്‍ ബിജെപി മൂന്ന് സീറ്റുകളും ജെഡിഎസ് ഒരു സീറ്റും നേടി. ബെംഗളൂരു അധ്യാപക മണ്ഡലത്തില്‍ ജെഡിഎസിന്റെ എ.പി. രംഗനാഥ് കോണ്‍ഗ്രസിന്റെ സിറ്റിങ് എംഎല്‍സി പുട്ടണ്ണയെ 908 വോട്ടിന് പരാജയപ്പെടുത്തി.
ഉത്തര്‍പ്രദേശില്‍ 11 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ഇതുവരെ ബിജെപി നാലും സമാജ്വാദി പാര്‍ട്ടി രണ്ടും സീറ്റുകള്‍ നേടി. ബറേലിമൊറാദാബാദ് അധ്യാപക മണ്ഡലം, ലഖ്നൗ അധ്യാപക മണ്ഡലം, മീററ്റ് ബിരുദ മണ്ഡലം, മീററ്റ് അധ്യാപക മണ്ഡലം എന്നിവ ബിജെപി സ്വന്തമാക്കി. വാരണാസി അധ്യാപക മണ്ഡലത്തില്‍ ലാല്‍ ബിഹാരി യാദവിലൂടെ സമാജ്വാദി പാര്‍ട്ടി സീറ്റ് നിലനിര്‍ത്തി. ആഗ്രഅലിഗഢ് അധ്യാപക മണ്ഡലത്തിലും പാര്‍ട്ടിക്ക് വിജയിക്കാനായി.
അലഹബാദ്-ഝാന്‍സി ബിരുദ മണ്ഡലത്തില്‍ സമാജ്വാദി പാര്‍ട്ടി സ്ഥാനാര്‍ഥി മാന്‍സിങ് യാദവ് മുന്നിലായിരുന്നു. വാരണാസി, ലഖ്നൗ ബിരുദ മണ്ഡലങ്ങളിലും സമാജ്വാദി സ്ഥാനാര്‍ഥികള്‍ മുന്നേറ്റം നടത്തി. എന്നാല്‍, ഗോരഖ്പുര്‍-ഫൈസാബാദ് അധ്യാപക മണ്ഡലത്തിലെ വോട്ടെണ്ണലിനെച്ചൊല്ലി തര്‍ക്കമുണ്ടായി. ക്രമക്കേട് ആരോപിച്ച് സമാജ്വാദി പാര്‍ട്ടി വോട്ടെണ്ണല്‍ ബഹിഷ്‌കരിച്ചു. മൗവിലെ ബാലറ്റ് പെട്ടിയില്‍ ഔദ്യോഗിക കണക്കുകളേക്കാള്‍ 52 വോട്ടുകള്‍ അധികമായി കണ്ടെത്തിയതിനെത്തുടര്‍ന്ന് ഒരു അധിക കമ്മിഷണറെ ചുമതലയില്‍നിന്ന് നീക്കുകയും ചെയ്തു.