കോഴിക്കോട്: കോഴിക്കോട് നടന്നുവരുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ പ്രായത്തട്ടിപ്പ് നടന്നതായി സ്ഥിരീകരിച്ചു. കോട്ടയം ജില്ലയിലെ കോരുത്തോട് സി.കെ.എം.എച്ച്.എസ്.എസ് സ്കൂളിലെ വിദ്യാർത്ഥിയാണ് പരിശോധനയിൽ പരാജയപ്പെട്ടത്. ഈ വർഷം ഉത്തർപ്രദേശിൽ നിന്ന് കേരളത്തിലെത്തിയ കുട്ടിയാണിത്. എല്ല് പരിശോധനയിലാണ് പ്രായം തെളിഞ്ഞത്. സബ് ജൂനിയർ 400 മീറ്ററിൽ ഈ വിദ്യാർത്ഥി സ്വർണം നേടിയിരുന്നു. ഇതോടെ ഈ വിദ്യാർത്ഥിയെ അയോഗ്യനാക്കി വെള്ളി മെഡൽ നേടിയ താരത്തിന് സ്വർണം നൽകാൻ തീരുമാനമായി.
കോതമംഗലം മാർ ബേസിൽ സ്കൂളാണ് പ്രായത്തട്ടിപ്പ് നടന്നുവെന്ന പരാതി നൽകിയത്. 14 വയസിന് താഴെയുള്ളവർ പങ്കെടുക്കുന്ന സബ് ജൂനിയർ വിഭാഗത്തിലാണ് വ്യാജ പ്രായം കാണിച്ച് താരം പങ്കെടുത്തത്. എന്നാൽ, മെഡിക്കൽ റിപ്പോർട്ട് പ്രകാരം താരത്തിന് 15നും 18നും ഇടയിൽ പ്രായമുണ്ടെന്ന് തെളിഞ്ഞു. സംസ്ഥാന സ്കൂൾ കായികമേളയുടെ ചരിത്രത്തിൽ ആദ്യമായാണ് എല്ലുപരിശോധനയിലൂടെ പ്രായത്തട്ടിപ്പ് കണ്ടെത്തുന്നത്.
രേഖകൾ പ്രകാരം 2014ൽ ജനിച്ചതാണെന്ന് കാണിച്ച താരം യഥാർത്ഥത്തിൽ 2012ലാണ് ജനിച്ചതെന്ന് കണ്ടെത്തുകയായിരുന്നു. പ്രായത്തട്ടിപ്പ് സ്ഥിരീകരിച്ചതോടെ താരത്തെ കായികമേളയിൽ നിന്ന് അയോഗ്യനാക്കാൻ തീരുമാനിച്ചു. നിലവിൽ 400 മീറ്റർ മത്സരത്തിന്റെ ഫലം തടഞ്ഞുവെച്ചിരിക്കുകയാണ്.