അടൂര്‍: പഴകുളത്ത് ഒന്‍പതു വയസുള്ള രണ്ടു പെണ്‍കുട്ടികളെ കാറില്‍ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച സംഭവത്തില്‍ കാറിനെക്കുറിച്ചുള്ള സൂചന പോലീ സിന്. വെള്ള വാഗണര്‍ കാറിലാണ് സംഘം എത്തിയതെന്നും വാഹനത്തിന്റെ ദൃശ്യം പോലീസിന് ലഭിച്ചതായുമാണ് സൂചനകള്‍. പെണ്‍കുട്ടികളുടെ മൊഴിയനുസരിച്ച് കാറില്‍ ഉണ്ടായിരുന്ന മുടിനീട്ടിവളര്‍ത്തിയയാള്‍ക്കും സ്ത്രീയ്ക്കും വേണ്ടിയുള്ള അന്വേഷണത്തിലാണ് പോലീസ്.
അതേസമയം കാര്‍ ഉടമയുടെ വിവരങ്ങള്‍ പോലീസിന് കിട്ടിയിട്ടില്ല. വെള്ളക്കാറിന്റെ വിവരവും തേടുന്നുണ്ട്. വെള്ള വാഗണര്‍ കാറിന്റെ ദൃശ്യം കിട്ടിയിട്ടുണ്ടെങ്കിലും കാറിന്റെ നമ്പര്‍പ്‌ളെയ്റ്റും സ്ത്രീയുടെ വിവരവും കിട്ടിയിട്ടില്ല. അടൂര്‍ പഴകുളം പ്രദേശത്ത് മൂന്ന് വാഗണര്‍ വെള്ളക്കാറുകളുണ്ട്. ഈ ഉടമസ്ഥരുമായി പോലീസ് ബന്ധപ്പെടുകയും വിവരം തേടുകയും ചെയ്തിട്ടുണ്ട്. പക്ഷേ ഇവരില്‍ മുടിനീട്ടിവളര്‍ത്തിയ ആരുമില്ല. അതുകൊണ്ടു തന്നെ വെള്ളക്കാര്‍ പുറത്തുനിന്നുള്ളവരുടേതായിരിക്കാമെന്നാണ് വിവരം. അതുപോലെ തന്നെ സമീപത്തെ വീട് അടച്ചിട്ടിരിക്കുകയാണ്. വീട്ടില്‍ താമസക്കാരില്ല.
തട്ടിക്കൊണ്ടു പോകല്‍ശ്രമം നടന്ന 26 ന് വീട്ടില്‍ വൈദ്യുതി ഉണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ വീട്ടില്‍ നിന്നും സിസിടിവി ദൃശ്യങ്ങള്‍ കിട്ടിയിട്ടില്ല. സംഭവത്തില്‍ നേരത്തേ പോലീസിന് കൊടുത്ത മൊഴിയില്‍ കുട്ടികളും മാതാപിതാക്കളും ഉറച്ചു നില്‍ക്കുകയാണ്.
ഉമ്മയുടെ ബന്ധുവാണെന്ന് പറഞ്ഞാണ് തട്ടിക്കൊണ്ടു പോകാനൊരുങ്ങിയത്. ഇത് കണ്ടുകൊണ്ടു നിന്ന നാട്ടുകാരില്‍ ഒരാായ സ്ത്രീ ബഹളം വെയ്ക്കുകയും കാറില്‍ കയറരുതെന്ന് ഉറക്കെ നിലവിളിക്കുയും ബഹളം വെയ്ക്കുകയും ചെയ്തതോടെ സംഘം കാര്‍ വേഗത്തില്‍ ഓടിച്ചുപോകുകയായിരുന്നു. മദ്രസ പഠനം കഴിഞ്ഞു വൈകിട്ട് ആറിനു വീട്ടിലേക്കു പോയ പെണ്‍കുട്ടികളെയാണു തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. മേട്ടുംപ്പുറം ജങ്ഷനു സമീപം കെ.ഐ.പി. കനാല്‍ റോഡില്‍ കാടുപിടിച്ച പ്രദേശത്തായിരുന്നു സംഭവം. കാറിലുണ്ടായിരുന്ന സ്ത്രീ, 'വീട്ടില്‍ വിടാം' എന്നുപറഞ്ഞു നിര്‍ബന്ധിച്ചതായി കുട്ടികള്‍ പറയുന്നു.