തിരുവനന്തപുരം: സമൂഹമാധ്യമങ്ങളും നിർമിതബുദ്ധി (എഐ) സാങ്കേതികവിദ്യയും ഉപയോഗിച്ച് വ്യാജ ലോട്ടറി വിൽപ്പന നടത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഇത്തരം തട്ടിപ്പുകൾ സർക്കാരിന് സാമ്പത്തിക നഷ്ടമുണ്ടാക്കുന്നതിനൊപ്പം ലോട്ടറി തൊഴിലാളികളെയും പൊതുജനങ്ങളെയും ബാധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വ്യാജ ലോട്ടറി വിൽപ്പന വലിയ തട്ടിപ്പായി മാറുകയാണെന്നും പാലക്കാട് ഉൾപ്പെടെയുള്ള ജില്ലകളിൽ ഇത്തരം സംഭവങ്ങൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്നുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി. വ്യാജ ലോട്ടറികൾ യഥാർഥമാണെന്ന് വിശ്വസിപ്പിച്ച് ആളുകളെ കബളിപ്പിക്കുന്നതാണ് തട്ടിപ്പുകാരുടെ രീതി.
ചെറിയ സമ്മാനങ്ങൾ നൽകി വിശ്വാസം നേടിയശേഷം വലിയ സമ്മാനം ലഭിക്കുമ്പോൾ ബന്ധപ്പെടാനുള്ള മാർഗങ്ങൾ അടച്ചുപോകുന്ന രീതിയിലുള്ള തട്ടിപ്പുകളും നടക്കുന്നുണ്ട്. ലോട്ടറി റെഗുലേഷൻ നിയമപ്രകാരം ഇത്തരം കുറ്റങ്ങൾക്ക് രണ്ടുവർഷം വരെ തടവുശിക്ഷ ലഭിക്കാമെന്നും കുറ്റക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ സർക്കാർ കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.