തിരുവനന്തപുരം: മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളം വർധിപ്പിച്ച സർക്കാർ നടപടിയോട് യോജിപ്പില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷനും നേമം എംഎൽഎയുമായ രാജീവ് ചന്ദ്രശേഖർ. വർധിപ്പിച്ച ശമ്പളവും അലവൻസുകളും സ്വീകരിക്കില്ലെന്നും എംഎൽഎ എന്ന നിലയിൽ ലഭിക്കുന്ന മുഴുവൻ അലവൻസുകളും നേമം മണ്ഡലത്തിലെ പാവപ്പെട്ട ജനങ്ങൾക്കായി വിനിയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനം മോശം സാമ്പത്തികാവസ്ഥയിലൂടെ കടന്നുപോകുമ്പോൾ മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളം വർധിപ്പിക്കുന്നത് തെറ്റായ നടപടിയാണെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ആശാ വർക്കർമാർക്കും പി.എസ്.സി. ഉദ്യോഗാർഥികൾക്കും നീതി ഉറപ്പാക്കാത്ത സർക്കാർ ജനപ്രതിനിധികളുടെ ശമ്പളം വർധിപ്പിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ജനവിരുദ്ധ നയങ്ങൾ പിന്തുടരുന്നതിൽ പിണറായി വിജയൻ സർക്കാരും വി.ഡി. സതീശൻ സർക്കാരും തമ്മിൽ വ്യത്യാസമില്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ ആരോപിച്ചു.