2026ൽ ഒരാൾ എന്റെ ജീവിതത്തിലേക്ക് വന്നു,​ വിവാഹിതയാകാൻ പോകുന്നെന്ന് റിമി ടോമി ,​ പങ്കാളിയെക്കുറിച്ച് വെളിപ്പെടുത്തി ഗായിക

വീണ്ടും വിവാഹിതയാകുന്നുവെന്ന സന്തോഷ വാർത്ത ആരാധകരുമായി പങ്കുവച്ച് ഗായിക റിമി ടോമി. തന്റെ യുട്യൂബ് ചാനലിൽ പങ്കുവച്ച വീഡിയോയിലാണ് റിമി വിവാഹക്കാര്യം വെളിപ്പെടുത്തിയത്. ഉടൻ വിവാഹമുണ്ടാകുമെന്ന് വിീഡിയോയിൽ പറഞ്ഞു.

എന്നും കുടുംബം ഒപ്പമുണ്ടായിരുന്നു. എന്നാൽ പാർട്‌ണർ ഇല്ലാത്തതിന്റെ വിടവ് എപ്പോഴുമുണ്ടായിരുന്നു. അത് നികത്താൻ അങ്ങനെ ഒരാൾക്ക് മാത്രമേ സാധിക്കൂ. അങ്ങനെയിരിക്കെ 2026ൽ ഒരാൾ എന്റെ ജീവിതത്തിലേക്ക് വന്നു. എല്ലാം ഇപ്പോൾ വെളിപ്പെടുത്തുന്നില്ല. ആരാണെന്നും എന്താണെന്നും അധികം വൈകാതെ തന്നെ നിങ്ങളുടെ മുന്നിലേക്ക് ഞാൻ പറയാം. അഭിനേതാവോ ഗായകനോ അറിയപ്പെടുന്ന ആളോ കോടീശ്വരനോ ഒന്നുമല്ല പങ്കാളിയെന്നും റിമി പറഞ്ഞു.

ചുമ്മാ പോയി സെലക്ട് ചെയ്ത് എടുക്കാവുന്നതല്ല ഒരു ലൈഫ് പാർട്ണർ എന്നത്. സന്തോഷത്തോടെയും സമാധാനത്തോടെയും ഇരിക്കാൻ പറ്റുമെന്നും വൈബ് മാച്ചിംഗ് ആകുമെന്നും ജീവിതത്തിൽ ഉയരങ്ങളിലെത്താൻ പറ്റുമെന്നും ദൈവം കൊണ്ടുതന്നതു പോലെ എന്ന് തോന്നിക്കുന്ന ഒരാളാണ്. ബാക്കിയെല്ലാം മുന്നോട്ട് ജീവിച്ചു കഴിയുമ്പോഴേ പറയാൻ കഴിയൂ. എല്ലാ നല്ലവശവും ചീത്തവശവും കുറച്ചുനാളു മുമ്പ് ഞങ്ങൾ പരസ്പരം മനസിലാക്കി. നല്ലൊരു ജീവിതം കിട്ടുമെന്ന് പ്രതീക്ഷ തോന്നിയപ്പോഴാണ് ഈ തീരുമാനം എടുത്തത്. ഉടനെ ഉണ്ടാവുമെന്ന് വിചാരിക്കുന്നു. എല്ലാം ദൈവത്തിന്റെ കൈയിലാണ്. ശുഭാപ്തി വിശ്വാസത്തോടെയാണ് പുതിയ ജീവിതത്തിലേക്ക് കാലെടുത്ത് വയ്ക്കുന്നത് എന്നും റിമി ടോമി പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *