‘ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടല്‍ ’ അഴിമതിക്ക് കൂട്ടുനിൽക്കാത്ത ഉദ്യോഗസ്ഥരെ പുകച്ചുചാടിച്ചു; രാജമാണിക്യത്തെ നീക്കിയതിൽ പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: കെഎസ്ഇബി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് എം ജി രാജമാണിക്യത്തെ മാറ്റിയതില്‍ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. ജിഎന്‍എ വൈദ്യുതി കരാറിന്റെ മറവില്‍ വന്‍ അഴിമതിക്കുള്ള നീക്കമാണ് നടക്കുന്നതെന്ന വാര്‍ത്തകള്‍ അതീവ ഗുരുതരമാണെന്ന് പിണറായി വിജയന്‍ പറഞ്ഞു.

കുറഞ്ഞ ചെലവില്‍ വൈദ്യുതി ലഭ്യമാകാന്‍ സാധ്യത നിലനില്‍ക്കെ, റെഗുലേറ്ററി കമ്മീഷന്റെ അനുമതിയില്ലാതെ സ്വകാര്യ കമ്പനിയില്‍ നിന്ന് യൂണിറ്റിന് 8.63 രൂപ നിരക്കില്‍ 500 മെഗാവാട്ട് വൈദ്യുതി വാങ്ങാനാണ് നീക്കം. ആവശ്യമില്ലാത്ത പകല്‍സമയത്ത് വൈദ്യുതി വാങ്ങിക്കൂട്ടുന്ന ഈ നടപടി സംസ്ഥാനത്തിന് 727 കോടി രൂപയുടെ അധിക ബാധ്യത വരുത്തിവെക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

വൈദ്യുതി പ്രതിസന്ധിയുടെ മറവില്‍ വന്‍ അഴിമതി നടത്താനുള്ള സര്‍ക്കാരിന്റെ നീക്കം സംബന്ധിച്ച വാര്‍ത്തകള്‍ അതീവ ഗുരുതരമാണ്. കൃത്യമായ ഇടപെടലുകളിലൂടെയും കാര്യക്ഷമമായ മാനേജ്മെന്റിലൂടെയും പ്രതിസന്ധി പരിഹരിക്കുന്നതിനു പകരം, യാതൊരു നീതീകരണവുമില്ലാത്ത കരാറുകളില്‍ ഏര്‍പ്പെട്ട് സംസ്ഥാന ഖജനാവ് കൊള്ളയടിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.

ഹിമാചല്‍ പ്രദേശിലെ പൊതുമേഖലാ സ്ഥാപനം വൈദ്യുതി നല്‍കാമെന്ന് സമ്മതിച്ചിട്ടും നിശ്ചിത സമയത്ത് മറുപടി നല്‍കാതെ ഒളിച്ചു കളിച്ച് സ്വകാര്യമേഖലയിലുള്ള കച്ചവടത്തിന് വഴിയൊരുക്കുകയായിരുന്നു എന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. കെഎസ്ഇബിയിലെ വഴിവിട്ട നീക്കങ്ങളും ഉന്നത ഉദ്യോഗസ്ഥരുടെ മാറ്റവും വന്‍ സാമ്പത്തിക അഴിമതിക്ക് വഴിയൊരുക്കാനാണെന്ന ആക്ഷേപം ശക്തമാണ്. അഴിമതിക്ക് കൂട്ടുനില്‍ക്കാത്ത ഉദ്യോഗസ്ഥരെ പുകച്ചുചാടിച്ചാണ് സര്‍ക്കാര്‍ ഇത്തരം വിവാദ തീരുമാനങ്ങളുമായി മുന്നോട്ടുപോകുന്നത്.

കുറഞ്ഞ ചെലവില്‍ വൈദ്യുതി ലഭ്യമാകാന്‍ സാധ്യത നിലനില്‍ക്കെ, റെഗുലേറ്ററി കമ്മീഷന്റെ അനുമതിയില്ലാതെ സ്വകാര്യ കമ്പനിയില്‍ നിന്ന് യൂണിറ്റിന് 8.63 രൂപ നിരക്കില്‍ 500 മെഗാവാട്ട് വൈദ്യുതി വാങ്ങാനാണ് നീക്കം. ആവശ്യമില്ലാത്ത പകല്‍സമയത്ത് വൈദ്യുതി വാങ്ങിക്കൂട്ടുന്ന ഈ നടപടി സംസ്ഥാനത്തിന് 727 കോടി രൂപയുടെ അധിക ബാധ്യത വരുത്തിവെക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. ബോര്‍ഡും വകുപ്പ് മന്ത്രിയും വിയോജിപ്പ് അറിയിച്ചിട്ടും, മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലിലൂടെ ഉദ്യോഗസ്ഥരെ സമ്മര്‍ദ്ദത്തിലാക്കി കരാറുമായി മുന്നോട്ടുപോകുകയാണെന്ന് പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതിനെ ശക്തമായി എതിര്‍ത്തതിനാണ് ഉദ്യോഗസ്ഥരെ സ്ഥാനത്തുനിന്ന് മാറ്റിയതെന്നും വാര്‍ത്തകള്‍ വ്യക്തമാക്കുന്നു.

ഈ പ്രതിസന്ധി പെട്ടെന്നുണ്ടായ ഒന്നല്ല. നേരത്തെ തന്നെ ഇതുസംബന്ധിച്ച് വൈദ്യുതി മന്ത്രി പ്രതികരിച്ചിരുന്നതാണ്. പൊതുമേഖലാ കമ്പനികളില്‍ നിന്ന് വൈദ്യുതി വാങ്ങുമെന്നായിരുന്നു അന്നത്തെ ഉറപ്പ്. എന്നാല്‍, ആ ഉറപ്പ് കാറ്റില്‍പ്പറത്തിയാണ് ഇപ്പോള്‍ സംസ്ഥാനത്തിന് വന്‍ നഷ്ടമുണ്ടാക്കുന്ന രീതിയില്‍ സ്വകാര്യ കമ്പനികളുമായി വഴിവിട്ട ഇടപാടുകള്‍ ആസൂത്രണം ചെയ്യുന്നത്. പൊതുപണം കൊള്ളയടിക്കാനുള്ള ഈ നീക്കങ്ങളുമായി ബന്ധപ്പെട്ട മുഴുവന്‍ ഫയലുകളും കെ.എസ്.ഇ.ബിയുടെ വിയോജനക്കുറിപ്പുകളും സര്‍ക്കാര്‍ അടിയന്തരമായി പുറത്തുവിടണം

Leave a Reply

Your email address will not be published. Required fields are marked *