പെരുമ്പാവൂരിലെ മൂന്നുവയസുകാരന്റെ മരണകാരണം തലയ്‌ക്കേറ്റ പരിക്ക്: പോസ്റ്റുമോ‌ർട്ടം റിപ്പോർട്ട് പുറത്ത്

കൊച്ചി: പെരുമ്പാവൂരിൽ മൂന്നുവയസുകാരൻ മരിച്ച സംഭവത്തിൽ പോസ്റ്റുമോർ‌ട്ടം റിപ്പോർട്ട് പുറത്ത്. തലക്കേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് റിപ്പോർട്ട്. കെട്ടിടത്തിൽ നിന്ന് വീണുണ്ടായതല്ല, പരിക്ക് തല ഭിത്തിയിൽ ഇടിച്ച തരത്തിലുള്ളതാണെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

സംഭവത്തിൽ പൊലീസ് കസ്റ്റഡിയിലുള്ള രണ്ടാനച്ഛൻ കുട്ടിയെ സ്ഥിരമായി മർദിക്കുമെന്ന് അമ്മ മൊഴി നൽകി. രണ്ടാനച്ഛൻ മൊഹേശ്വർ കുട്ടിയെ സ്ഥിരമായി മർദിക്കാറുണ്ടായിരുന്നെന്നും കുട്ടി വഴക്ക് ഉണ്ടാക്കുമ്പോഴാണ് രണ്ടാനച്ഛൻ അടിച്ചിരുന്നതെന്നും അമ്മ പൊലീസിനോട് പറഞ്ഞു. കുട്ടി ടെറസിൽ നിന്ന് വീഴുന്നത് കണ്ടിട്ടില്ലെന്നും അമ്മ മൊഴി നൽകി.

ഇന്നലെയാണ് അന്യസംസ്ഥാന ദമ്പതികളുടെ മൂന്നുവയസുള്ള മകൻ മരണപ്പെട്ടത്. വീടിന്റെ മുകളിൽനിന്ന് വീണ് പരിക്കേറ്റെന്ന് പറഞ്ഞാണ് മൊഹേശ്വർ കുട്ടിയെ രാവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ചികിത്സയിലിരിക്കെ ഉച്ചയോടെ കുട്ടി മരണപ്പെടുകയായിരുന്നു. തുടർന്ന് ഇൻക്വസ്റ്റ് നടപടികൾക്കായി പെരുമ്പാവൂർ പൊലീസ് കളമശ്ശേരി മെഡിക്കൽ കോളേജിൽ എത്തിയപ്പോഴാണ് കുട്ടിയുടെ മുഖത്ത് രക്തം കല്ലിച്ച പാടുകൾ കണ്ടെത്തിയത്. വീടിന് മുകളിൽ നിന്ന് വീണപ്പോൾ പറ്റിയ പരിക്കാണെന്ന് രണ്ടാനച്ഛൻ പൊലീസിനോട് പറഞ്ഞു. എന്നാൽ സംശയം തോന്നിയ പൊലീസ് ഇവരുടെ വീടിന്റെ പരിസരത്തുള്ളവരോട് വിവരങ്ങൾ ചോദിച്ചു.

രണ്ടാനച്ഛൻ കുട്ടിയെ നിരന്തരം മർദിക്കാറുണ്ടായിരുന്നു എന്നാണ് അയൽവാസികളുടെ മൊഴി. തുടർന്ന് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇതോടെയാണ് മരണം കൊലപാതകമാണെന്ന സംശയത്തിൽ പൊലീസ് എത്തിയത്. പോസ്റ്റുമോർ‌ട്ടം റിപ്പോർട്ട് പുറത്തുവന്നതോടെ പൊലീസ് തുടർനടപടികളിലേയ്ക്ക് കടക്കുമെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *