തിരുവനന്തപുരം: അമേരിക്കൻ തിരഞ്ഞെടുപ്പ് ഫലം പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെയും തീവ്ര വലതുപക്ഷത്തിന്റെയും രാഷ്ട്രീയ നിലപാടുകൾക്കേറ്റ വൻ തിരിച്ചടിയാണെന്ന് സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി. ഇടതുപക്ഷ ശക്തികളുടെ കാലം കഴിഞ്ഞുവെന്ന തരത്തിലുള്ള വ്യാഖ്യാനങ്ങൾ തെറ്റാണെന്ന് ഈ തിരഞ്ഞെടുപ്പിലൂടെ തെളിഞ്ഞതായും മാധ്യമങ്ങളോട് അദ്ദേഹം പറഞ്ഞു.
ഇടതുപക്ഷ ശക്തികളുടെ കാലം കഴിഞ്ഞുവെന്ന വ്യാഖ്യാനം ഇതിലൂടെ തെറ്റാണെന്ന് തെളിഞ്ഞതായും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ട്രംപിനെ ജയിപ്പിക്കാൻ അവിടെ ഒരു ഗ്യാനേഷ് കുമാർ ഇല്ല. അതുകൊണ്ടാണ് അവിടെ ട്രംപ് തോറ്റത്. ഇന്ത്യയിലും മാറ്റങ്ങൾ ഉണ്ടാകും.രാജ്യത്ത് ബിജെപി തറയിൽ ഇറങ്ങി നടക്കാൻ തുടങ്ങി. ഇത് പ്രതിപക്ഷത്തിന്റെ വിജയമാണ്.
പാർട്ടി ക്ലാസിൽ പങ്കെടുക്കാത്തതുമായി ബന്ധപ്പെട്ട് ഉയർന്ന ചോദ്യങ്ങൾക്ക്, പിണറായി വിജയന് ഇക്കാര്യത്തിൽ പ്രത്യേക ഇളവ് നൽകിയിരുന്നതായി എം.എ. ബേബി വ്യക്തമാക്കി. നേതാക്കൾക്കിടയിൽ വളർന്നുവരുന്ന പാർലമെന്ററി വ്യാമോഹം പാർട്ടിക്ക് ഒരു കാരണവശാലും അംഗീകരിക്കാനാകില്ല. ഈ വിഷയത്തിൽ സ്വയംവിമർശനവും പാർട്ടി തലത്തിലുള്ള കർശനമായ വിമർശനങ്ങളും നടക്കുമെന്നും അദ്ദേഹം പറഞ്ഞു.
തമിഴ്നാട്ടിലെ തിരുപ്പൂരിൽ പാർട്ടി കേന്ദ്ര കമ്മിറ്റിയുടെ മൂന്ന് ദിവസത്തെ നിർണായക യോഗം ചേരുമെന്നും നേതാക്കൾ ജനങ്ങളിലേക്ക് നേരിട്ടിറങ്ങി കാര്യങ്ങൾ മനസ്സിലാക്കുകയും തെറ്റുകൾ തിരുത്തുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, കേരളത്തിലെ സംഭവവികാസങ്ങളിൽ സംസ്ഥാന നേതൃത്വം പ്രതികരിക്കുമെന്നും എം എ ബേബി വ്യക്തമാക്കി.