കാർഗിലിൽ വീരമൃത്യു വരിച്ച ഹവിൽദാർ അരുൺ രാജിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

കോഴിക്കോട്: ലഡാക്കിലെ കാർഗിലിൽ സൈനിക വാഹനം 600 അടി താഴ്ചയുള്ള മലയിടുക്കിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച ഹവിൽദാർ എസ്.ആർ. അരുൺ രാജിന്റെ മൃതദേഹം ഇന്ന് കേരളത്തിലെത്തിക്കും. രാത്രി വിമാനമാർഗം നെടുമ്പാശ്ശേരിയിലെത്തിക്കുന്ന മൃതദേഹം റോഡ് മാർഗം കോഴിക്കോട് ചേളന്നൂരിലെ സ്വദേശമായ പെരുമ്പൊയിൽ വീട്ടിലെത്തിക്കും.

മദ്രാസ് എഞ്ചിനിയറിങ്ങ് ഗ്രൂപ്പിൽ ഹവിൽദാറായിരുന്നു അരുൺ രാജ്. 21 വർഷമായി സൈന്യത്തിലാണ്. ചേളന്നൂര്‍ പെരുംപൊയിലിലെ കാര്‍ത്തിക വീട്ടില്‍ നാളെ രാവിലെ എട്ടുമണിവരെ പൊതുദര്‍ശനം ഉണ്ടാകും. എട്ട് മണിയോടെ വീട്ടുവളപ്പിലാണ് പൂര്‍ണ്ണ സൈനീക ബഹുമതികളോടെ സംസ്കാരം. ബുധനാഴ്ച ഉച്ചയോടെ ഉണ്ടായ അപകടത്തിൽ അരുൺ രാജിനൊപ്പം മറ്റൊരു സൈനികനും വീരമൃത്യു വരിച്ചു.

കഴിഞ്ഞ ഓണത്തിന് തൊട്ടു മുൻപ് നാട്ടിൽ വന്ന് പോയതാണ്. ഇക്കഴിഞ്ഞ 3 ന് അരുൺ രാജിൻറെ നാൽപതാം പിറന്നാളായിരുന്നു. അതിന് തൊട്ട് പിറ്റേന്നാണ് വീരമൃത്യു. ചേളന്നൂർ പെരുംപൊയിൽ സ്വദേശിയാണ് അരുൺ രാജ്. ഗുരുവായൂരപ്പൻ കോളേജിലെ ബിരുദ പഠനത്തിനിടെയാണ് സൈനീക സേവനം തുടങ്ങിയത്. രേഷ്മയാണ് ഭാര്യ. കേന്ദ്രീയ വിദ്യാലയത്തിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനി ആദ്യ അരുൺ ഏകമകളാണ്. അരുൺ രാജിൻറെ വിയോഗം ഒരു നാടിനെ മുഴുവൻ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *