സിഐടിയു സംസ്ഥാന നേതൃത്വത്തില്‍ അഴിച്ചുപണി; കെ കെ ജയചന്ദ്രന്‍ ജനറല്‍ സെക്രട്ടറി ആകും; വി ശിവന്‍കുട്ടി ട്രഷറര്‍ സ്ഥാനത്തേക്ക്

തിരുവനന്തപുരം: സിഐടിയു സംസ്ഥാന നേതൃത്വത്തിൽ നിർണായക അഴിച്ചുപണി. സിഐടിയു പുതിയ സംസ്ഥാന ജനറൽ സെക്രട്ടറിയായി കെ.കെ. ജയചന്ദ്രനേയും സംസ്ഥാന ട്രഷററായി വി. ശിവൻകുട്ടിയേയും തിരഞ്ഞെടുക്കാൻ തീരുമാനമായി. ടി.പി. രാമകൃഷ്ണൻ സംസ്ഥാന പ്രസിഡന്റായി തന്നെ തുടരും. സിഐടിയു സംസ്ഥാന ഭാരവാഹികളുടെ ഫ്രാക്ഷൻ യോഗത്തിലാണ് ഇതുസംബന്ധിച്ച ധാരണയായത്. കോട്ടയത്ത് ആരംഭിക്കുന്ന സംസ്ഥാന സമ്മേളനത്തിൽ പുതിയ ഭാരവാഹികളെ ഔദ്യോഗികമായി തിരഞ്ഞെടുക്കും.

സിഐടിയു 16-ാം സംസ്ഥാന സമ്മേളനത്തിന് ഇന്ന് (നവംബർ 6) കോട്ടയത്ത് തുടക്കമായി. വൈകിട്ട് 5-ന് കോട്ടയം തിരുനക്കര മൈതാനത്ത് സംഘാടക സമിതി ചെയർമാൻ ടി.ആർ. രഘുനാഥൻ പതാക ഉയർത്തും. ശനിയാഴ്ച (നവംബർ 6) രാവിലെ 10-ന് മാമ്മൻ മാപ്പിള ഹാളിൽ പ്രതിനിധി സമ്മേളനത്തിന് തുടക്കമാകും. ദേശീയ വൈസ് പ്രസിഡന്റ് തപൻ സെൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് ടി.പി. രാമകൃഷ്ണൻ പതാക ഉയർത്തുന്ന ചടങ്ങിൽ ആർ. ചന്ദ്രശേഖരൻ, കെ.പി. രാജേന്ദ്രൻ എന്നിവർ അഭിവാദ്യപ്രസംഗം നടത്തും.

നവംബർ 9-ന് നടക്കുന്ന സമാപന റാലിയിൽ ഒരു ലക്ഷത്തോളം തൊഴിലാളികൾ അണിനിരക്കും. പൊതുസമ്മേളനം പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്തെ 1149 യൂണിയനുകളെ പ്രതിനിധീകരിച്ച് 625 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നതെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം വാർത്താസമ്മേളനത്തിൽ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *