അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിൽ ഇന്ദിര അസ്വസ്ഥയായിരുന്നു,​ രാജീവ് ഗാന്ധിയും എതിർത്തു; വെളിപ്പെടുത്തി സോണിയ ഗാന്ധി

ന്യൂഡൽഹി : 1975ൽ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിൽ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി അസ്വസ്ഥയായിരുന്നുവെന്ന് സോണിയ ഗാന്ധിയുടെ വെളിപ്പെടുത്തൽ . അടിയന്തരാവസ്ഥ തെറ്റായ തീരുമാനമായിരുന്നു എന്ന് ഇന്ദിരാഗാന്ധിക്ക് പിന്നീട് ബോദ്ധ്യപ്പെട്ടിരുന്നുവെന്നും സോണിയ പറഞ്ഞു. ബിലോങ്ങിങ്: എ ജേണി ഓഫ് ലവ് എന്ന സോണിയാ ഗാന്ധിയുടെ പുസ്തകത്തെ കുറിച്ച് ഒരു ബ്രിട്ടീഷ് മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തൽ.

അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള തീരുമാനത്തിൽ ഗാന്ധി കുടുംബത്തിനുള്ളിൽ തന്നെ ഭിന്നാഭിപ്രായങ്ങളുണ്ടായിരുന്നു. അടിയന്തരവസ്ഥയെ രാജീവ് ഗാന്ധി എതിർത്തു. അടുത്ത തിരഞ്ഞെടുപ്പ് വരെ കാത്തിരിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. എന്നാൽ ഇളയ മകൻ സഞ്ജയ് ഗാന്ധി അടിയന്തരാവസ്ഥ നടപ്പാക്കണമെന്ന് ശക്തിയായി വാദിച്ചു,​. അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള തീരുമാനത്തെ രാജീവ് ഗാന്ധി ചോദ്യം ചെയ്യാൻ ശ്രമിച്ചെങ്കിലും അതിന് അവർ വഴങ്ങിയില്ലെന്നും സോണിയ പറഞ്ഞു.

അതേസ​മയം അടിയന്തരാവസ്ഥയിലെ അതിക്രമങ്ങൾക്ക് സഞ്ജയ് ഗാന്ധിയെ മാത്രം ഉത്തരവാദിയാക്കാനാകില്ലെന്നും സോണിയ ചൂണ്ടിക്കാട്ടി. ഇന്ദിരാ ഗാന്ധിയുടെ മുതിർന്ന സഹപ്രവർത്തകരിൽ ചിലർ ഇക്കാര്യത്തിൽ സമ്മർദ്ദം ചെലുത്തിയിരുന്നെന്നും സോണിയ പറ‌ഞ്ഞു. പിന്നീട് സാഹചര്യങ്ങൾ തിരിച്ചറിഞ്ഞ ഇന്ദിര തിരുത്തൽ നടപടി സ്വീകരിക്കുകയും അടിയന്തരാവസ്ഥയിലെ അതിക്രമങ്ങളിൽ പരസ്യമായി ഖേദം പ്രകടിപ്പിക്കുകയും മാപ്പു പറയുകയും ചെയ്തിരുന്നുവെന്നും സോണിയ ഓർമ്മിക്കുന്നു.

1975 ജൂൺ 25ന് അർദ്ധരാത്രിക്ക് തൊട്ടുമുൻപാണ് ഇന്ദിരാ ഗാന്ധിയുടെ നിർദ്ദേശ പ്രകാരം രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. 1977 ജനുവരി 18ന് ഇന്ദിരാഗാന്ധി പൊതു തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കുകയും ചെയ്തു. മാർച്ച് 16ന് നടന്ന തിരഞ്ഞെടുപ്പിൽ ഇന്ദിരാഗാന്ധിയും സഞ്ജയ് ഗാന്ധിയും പരാജയപ്പെട്ടു. മാർച്ച് 21ന് അടിയന്തരാവസ്ഥ ഔദ്യോഗികമായി പിൻവലിച്ചു.

Leave a Reply

Your email address will not be published. Required fields are marked *