ഹാർദിക് പഞ്ചാബിലേക്ക്; അർഷ്ദീപ് സിംഗ് മുംബയ് ഇന്ത്യൻസിൽ,​ വമ്പൻ താരക്കൈമാറ്റത്തിന് ഫ്രാഞ്ചൈസികൾ

മുംബയ്: ഐ.പി.എല്ലിൽ വമ്പൻ താരക്കൈമാറ്റത്തിന് മുംബയ് ഇന്ത്യൻസും പഞ്ചാബ് കിംഗ്സും ധാരണയിലെത്തിയെന്ന് റിപ്പോർട്ടുകൾ. ഇന്ത്യൻ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ പഞ്ചാബ് കിംഗ്സിലേക്കും പഞ്ചാബിന്റെ അർഷ്ദീപ് സിംഗ് മുംബയ് ഇന്ത്യൻസിലേക്കും ചേക്കേറുമെന്നാണ് സൂചന. ഈ മാസം നടക്കാനിരിക്കുന്ന ഐ.പി.എൽ മിനി താരലേലത്തിന് മുന്നോടിയായാണ് നിർണായക മാറ്റം. എന്നാൽ ബി.സി.സി.ഐയുടെ ഔദ്യോഗിക അംഗീകാരം ലഭിച്ചാലേ ഇടപാട് പൂർണമാകൂ.

ഹാർദിക് പഞ്ചാബ് കിംഗ്സിനായി കളിക്കാൻ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് ഐ.പി.എൽ വൃത്തങ്ങൾ വ്യക്തമാക്കി. പഞ്ചാബ് കിംഗ്സ് ക്യാപ്ടന്റെയും പരിശീലകന്റെയും തീരുമാനപ്രകാരമാണ് ഹാർദിക്കിനുവേണ്ടി അർഷ്ദീപിനെ കൈമാറാൻ തീരുമാനിച്ചതെന്നാണ് വിവരം. ഏറെക്കാലമായി ടീമിന്റെ ഭാഗമായിരുന്ന അർഷ്ദീപിനെ വിട്ടുനൽകുന്നത് ഉടമകൾക്ക് എളുപ്പമായിരുന്നില്ല. എന്നാൽ താരത്തിന്റെ വളർച്ചയിലും പ്രകടനത്തിലും നിർണായക പങ്കുവഹിച്ച പഞ്ചാബ് കിംഗ്സ് മാനേജ്‌മെന്റ് ഒടുവിൽ കൈമാറ്റത്തിന് അനുമതി നൽകുകയായിരുന്നു.

ഇതോടെ ഹാർദിക്കിന്റെ മുംബയ് ഇന്ത്യൻസുമായുള്ള രണ്ടാം വരവിനും അവസാനമാകും. 2024 സീസണിൽ രോഹിത് ശർമ്മയ്ക്ക് പകരം നായകസ്ഥാനത്തെത്തിയാണ് ഹാർദിക് മുംബയ് ടീമിലേക്ക് തിരിച്ചെത്തിയത്. എന്നാൽ പ്രതീക്ഷിച്ച നേട്ടം സ്വന്തമാക്കാൻ താരത്തിനും ടീമിനും കഴിഞ്ഞിരുന്നില്ല. ഹാർദിക് നായകനായ മൂന്ന് സീസണുകളിൽ രണ്ടിലും മുംബയ് പ്ലേ ഓഫ് കാണാതെ പുറത്തായി.

അതേസമയം, പഞ്ചാബ് കിംഗ്സിനൊപ്പം ദീർഘകാലമായി തുടരുന്ന അർഷ്ദീപ് സിംഗ് ടീമിനുവേണ്ടി മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ഐ.പി.എല്ലിലെ മികവിലൂടെയാണ് താരം ദേശീയ ടീമിൽ ഇടം നേടിയത്. നിലവിൽ ട്വന്റി-20 ക്രിക്കറ്റിൽ ഇന്ത്യയുടെ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ബൗളറാണ് അർഷ്ദീപ്. ശ്രേയസ് അയ്യർ നായകനായി തുടരുന്ന പഞ്ചാബ് കിംഗ്സിൽ ഹാർദിക്കിന് നായകസ്ഥാനം നൽകില്ല. താരത്തെ ഓൾറൗണ്ടർ എന്ന നിലയിൽ പരമാവധി പ്രയോജനപ്പെടുത്താനാണ് ടീമിന്റെ തീരുമാനം. ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ മികവ് പുലർത്താൻ കഴിയുന്ന ഹാർദിക്കിന്റെ വരവ് ടീമിന്റെ ഓൾറൗണ്ട് കരുത്ത് വർദ്ധിപ്പിക്കുമെന്നാണ് ടീം മാനേജ്‌മെന്റിന്റെ പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *