വാഴക്കുലയില്‍ എംഡിഎംഎ കടത്ത്: ധനേഷ് എസ്. നായര്‍ക്ക് കര്‍ണാടകയില്‍ 6 ഏക്കര്‍ വാഴത്തോട്ടം: കടത്ത് തുടങ്ങിയത് 2023 മുതല്‍

എറണാകുളം: വാഴക്കുലയില്‍ ഒളിപ്പിച്ച് എംഡിഎംഎ കടത്തിയ സംഭവത്തല്‍ പിടിയിലായ ഹരിപ്പാട് സ്വദേശി ധനേഷ് എസ്.നായര്‍ക്ക് മയക്കുമരുന്ന് കിട്ടിയിരുന്നത് നൈജീരിയക്കാരില്‍ നിന്നെന്ന് മൊഴി. കിലോ കണക്കിലെ എംഡിഎംഎ ശേഖരിച്ചാണ് ഇയാള്‍ ചില്ലറ വില്‍പന നടത്തിയിരുന്നത്. ധനേഷിനെ പിടികൂടിയതോടെ നെറ്റ്‌വര്‍ക്കിലെ പലരും ഇതോടെ ഒളിവില്‍ പോയി. ഇവരെ പിടികൂടാനുള്ള നീക്കത്തിലാണ്.

വാഴക്കുലയില്‍ അതി വിദഗ്ദ്ധമായി പൊതിഞ്ഞ് അതീവ രഹസ്യമായിട്ട് നടന്ന മയക്കുമരുന്ന് കടത്താണ് പോലീസ് പിടികൂടിയത്. ഇതിനായി കര്‍ണാടകയില്‍ ആറ് ഏക്കര്‍ വാഴത്തോട്ടമാണ് ധനേഷ് സ്വന്തമാക്കിയിരുന്നത്. ഈ രീതിയില്‍ ധനേഷ് മയക്കുമരുന്ന് കടത്താന്‍ തുടങ്ങിയിട്ട് മൂന്ന് വര്‍ഷമായി. ഒരിക്കല്‍ പോലും പിടിയിലായിരുന്നില്ല. 2023 മുതല്‍ ധനേഷ് മയക്കുമരുന്ന് കടത്ത് നടത്തുന്നുണ്ട്.

സ്വന്തമായും അല്ലാതെയും എംഡിഎംഎ കൊച്ചിയിലേക്ക് എത്തിച്ചിരുന്നു. എംഡിഎംഎ കൊച്ചിയിലേക്ക് എത്തിക്കാന്‍ ആളുകളെ ബെംഗളൂരുവിലേക്ക് ഇയാള്‍ വിളിച്ചു വരുത്തിയിരുന്നു. കഴിഞ്ഞദിവസം 803 ഗ്രാം ഹാഷിഷ് ഓയിലും എട്ട് ഗ്രാം എംഡിഎംഎയുമായി ഒരാള്‍ പിടിയിലായതോടെയാണ് അന്വേഷണം ധനേഷിലേക്ക് എത്തിയത്. ഇതിന് പിന്നാലെയാണ് ബംഗളൂരുവില്‍നിന്ന് കേരളത്തിലേക്ക് വന്‍തോതില്‍ എംഡിഎംഎ എത്തിച്ച് വിതരണം ചെയ്യുന്ന ലഹരിക്കടത്ത് സംഘത്തിലെ മുഖ്യപ്രതിയാണ് ധനേഷ് എന്ന് തിരിച്ചറിഞ്ഞത്.

ലഹരിമരുന്ന് വാഴക്കുലകള്‍ക്കുള്ളില്‍ പൊതിഞ്ഞ് ഒളിപ്പിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ വ്യക്തമാക്കുന്ന വീഡിയോകളും മറ്റ് ദൃശ്യങ്ങളും പ്രതികളുടെ മൊബൈല്‍ ഫോണുകളില്‍നിന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. ആലുവയില്‍ 185 ഗ്രാം എംഡിഎംഎയുമായി ഇന്നലെ അറസ്റ്റിലായ ഹരികൃഷ്ണന്റെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചതില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ വിശദമായ അന്വേഷണത്തിലാണ് ലഹരിമരുന്ന് വിതരണശൃംഖലയിലെ പ്രധാന കണ്ണിയായ ധനേഷിനെക്കുറിച്ച് വിവരം ലഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *