120 കിലോമീറ്റർ വേഗത്തിൽ ഹരിദ്വാറിലേക്ക് തീർത്ഥാടന യാത്ര; കാർ വൈദ്യുതിത്തൂണിലിടിച്ച് കത്തി, ആറു യുവാക്കൾ വെന്തുമരിച്ചു

മുസാഫർനഗർ: ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ഹരിദ്വാറിലേക്ക് ഗംഗാസ്നാനത്തിന് പുറപ്പെട്ട ആറു യുവാക്കൾ കാർ അപകടത്തിൽ വെന്തുമരിച്ചു. ഹരിയാന സ്വദേശികളായ സുഹൃത്തുക്കളാണ് ഉത്തർപ്രദേശിലെ മുസാഫർനഗറിൽ തിങ്കളാഴ്ച പുലർച്ചെയുണ്ടായ അപകടത്തിൽ മരിച്ചത്. സാഹിൽ (20), രാഹുൽ (23), അമൻ, അജയ്, അങ്കിത് (21), അങ്കിത് (21) എന്നിവരാണ് മരിച്ചത്.

പാനിപ്പത്ത്ഖട്ടിമ ദേശീയപാതയിൽ ജഗ്ഗഹേരിക്ക് സമീപം പുലർച്ചെ 4.50ഓടെയായിരുന്നു അപകടം. മണിക്കൂറിൽ 120 കിലോമീറ്ററോളം വേഗത്തിൽ സഞ്ചരിച്ച കാർ ആദ്യം വൈദ്യുതിത്തൂണിലിടിച്ച ശേഷം ഡിവൈഡറിൽ ഇടിച്ച് നിയന്ത്രണംവിട്ട് മറുവശത്തേക്ക് തലകീഴായി മറിയുകയായിരുന്നു. പിന്നാലെ കാറിന് തീപിടിച്ചതോടെ അകത്തുണ്ടായിരുന്ന യുവാക്കൾക്ക് പുറത്തുകടക്കാനായില്ല.

ഇടിയുടെ ആഘാതത്തിൽ വൈദ്യുതിത്തൂൺ രണ്ടായി പിളർന്നു. ഡിവൈഡറിന്റെ പത്തുമീറ്ററോളം ഭാഗം തകർന്നു. വിവരമറിഞ്ഞ് പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്. അപ്പോഴേക്കും കാർ പൂർണമായും കത്തിനശിക്കുകയും ആറുപേരും മരിക്കുകയും ചെയ്തിരുന്നു. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി മാറ്റി. ബന്ധുവിൽ നിന്ന് ദിവസങ്ങൾക്കുമുമ്പ് കാർ വാങ്ങിയ സാഹിൽ തിങ്കളാഴ്ച പുലർച്ചെ 12.30ഓടെയാണ് സുഹൃത്തുക്കളുമായി വീട്ടിൽനിന്ന് പുറപ്പെട്ടത്. ഗുരുഗ്രാമിലേക്ക് പോകുന്നതെന്ന് പറഞ്ഞാണ് എല്ലാവരും വീട്ടിൽ നിന്ന് ഇറങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *