‘നിന്നെച്ചൊല്ലി എനിക്ക് അഭിമാനമുണ്ട്’: എം.എസ്. ധോണിയുടെ ഐ.പി.എല്‍. വിരമിക്കലിന് ശേഷം വികാരാധീനയായി സാക്ഷി

ചെന്നൈ: വെറ്ററന്‍ താരം എം.എസ്. ധോണിയുടെ വലിയൊരു ക്രിക്കറ്റ് യാത്രാവിശേഷത്തിന്റെ ഭാഗമായ എല്ലാ ആരാധകരോടും നന്ദി പറഞ്ഞ് ഭാര്യ സാക്ഷി ധോണി. അദ്ദേഹത്തിന്റെ കരിയറിലുടനീളം നല്‍കിയ സ്നേഹത്തിനും പിന്തുണയ്ക്കും അവര്‍ നന്ദി പ്രകടിപ്പിച്ചു. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഐക്കണ്‍ എം.എസ്. ധോണി ഐ.പി.എല്ലില്‍ നിന്ന് വിരമിച്ചതിന് പിന്നാലെ ആരാധകര്‍ക്കായി ഭാര്യ സാക്ഷി ഒരു ഹൃദ്യമായ കുറിപ്പ് പങ്കുവെച്ചു. മനോഹരമായ ഒരു മലനിരകളുടെ പശ്ചാത്തലത്തില്‍ നില്‍ക്കുന്ന ധോണിയുടെ ചിത്രത്തിനൊപ്പമാണ് സാക്ഷി ഇന്‍സ്റ്റാഗ്രാമില്‍ കുറിപ്പ് പങ്കുവെച്ചത്.

''പുതിയ അധ്യായങ്ങള്‍ തുടങ്ങാന്‍ ചില അധ്യായങ്ങള്‍ അവസാനിക്കേണ്ടതുണ്ടെന്ന് സാക്ഷി തന്റെ കുറിപ്പില്‍ പറഞ്ഞു. വര്‍ഷങ്ങളായി മാഹിയെ സ്നേഹിക്കുകയും പിന്തുണയ്ക്കുകയും വിശ്വസിക്കുകയും ചെയ്ത എല്ലാവര്‍ക്കും – ഞങ്ങള്‍ക്കവരെ വ്യക്തിപരമായി അറിയാമെങ്കിലും ഇല്ലെങ്കിലും – ഞങ്ങളുടെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് നന്ദി. എല്ലാ സ്നേഹത്തിനും ഞങ്ങള്‍ എന്നും കടപ്പെട്ടിരിക്കുന്നു. പുതിയ തുടക്കങ്ങള്‍ക്കും പുതിയ സാഹസികതകള്‍ക്കും കൂടുതല്‍ മനോഹരമായ ഓര്‍മ്മകള്‍ക്കുമായി ഞങ്ങള്‍ കാത്തിരിക്കുന്നു. നിന്നെച്ചൊല്ലി എനിക്ക് എപ്പോഴും അഭിമാനമുണ്ട്, മാഹി.'' സാക്ഷി കുറിച്ചു.

സാക്ഷിയുടെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ പെട്ടെന്ന് തന്നെ വൈറലാകുകയും ആരാധകരില്‍ നിന്ന് വലിയ സ്നേഹം ഏറ്റുവാങ്ങുകയും ചെയ്തു. ഐ.പി.എല്‍. കളിക്കളത്തിലെ 19 വര്‍ഷത്തെ യാത്രയ്ക്ക് വിരാമമിട്ടുകൊണ്ടാണ് എം.എസ്. ധോണിയെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ടീമിന്റെ മെന്ററായി പ്രഖ്യാപിച്ചത്. ധോണി 16 സീസണുകളോളം കളിച്ച ഫ്രാഞ്ചൈസി, ഐ.പി.എല്‍. 2027-ന് മുന്നോടിയായി അദ്ദേഹം പുതിയ ചുമതലയേല്‍ക്കുമെന്ന് ചൊവ്വാഴ്ച സ്ഥിരീകരിച്ചു. ഇത് ടീമുമായുള്ള അദ്ദേഹത്തിന്റെ ദീര്‍ഘകാല ബന്ധത്തിലെ സുപ്രധാനമായ ഒരു മാറ്റത്തെയാണ് അടയാളപ്പെടുത്തുന്നത്.

2008-ലെ കന്നി ടൂര്‍ണമെന്റില്‍ തുടങ്ങി ഐ.പി.എല്ലില്‍ ധോണി തുടര്‍ന്നുവന്ന കളിക്കളത്തിലെ കരിയറാണ് അവസാനിക്കുന്നത്. ലീഗ് ആരംഭിച്ചതുമുതല്‍ ടൂര്‍ണമെന്റിലെ ഏറ്റവും പ്രമുഖ വ്യക്തികളില്‍ ഒരാളായ 45 കാരനായ താരം, ഒരു നായകനെന്ന നിലയിലും മികച്ച ഫിനിഷറെന്ന നിലയിലും ലീഗിലെ ഏറ്റവും സ്വാധീനം ചെലുത്തിയ കളിക്കാരിലൊരാളായും മായാത്ത പാരമ്പര്യമാണ് അവശേഷിപ്പിക്കുന്നത്.

അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സിക്ക് കീഴില്‍, 2010, 2011, 2018, 2021, 2023 വര്‍ഷങ്ങളില്‍ അഞ്ച് തവണ ഐ.പി.എല്‍. കിരീടങ്ങള്‍ നേടി സി.എസ്.കെ. ലീഗിലെ ഏറ്റവും ശക്തരായ നിരയായി മാറി. ഐ.പി.എല്‍. 2027 സീസണിന് മുന്നോടിയായി ചൊവ്വാഴ്ച ധോണിയെ ടീം മെന്ററായി പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപനത്തോടെ ടൂര്‍ണമെന്റിലെ അദ്ദേഹത്തിന്റെ കളിക്കളത്തിലെ കരിയറാണ് അവസാനിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *