ന്യൂഡൽഹി: രാജ്യത്തെ രൂക്ഷമായ തൊഴിലില്ലായ്മയും വിദ്യാഭ്യാസ സമ്പ്രദായത്തിലെ ആഴത്തിലുള്ള പ്രതിസന്ധികളും ചൂണ്ടിക്കാട്ടി ഇന്ത്യ ഒരു സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കൊളംബിയ സർവകലാശാലയിൽ പറഞ്ഞു. അതേസമയം, രാഹുൽ ഇന്ത്യാ വിരുദ്ധ പ്രചാരണം നടത്തുകയാണെന്നും ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയെയും ജനാധിപത്യത്തെയും അപമാനിക്കുകയാണെന്നും ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി ആരോപിച്ചു.
"വളച്ചുകെട്ടില്ലാതെ പറഞ്ഞാൽ, ഇന്ത്യ ഒരു സാമ്പത്തിക ദുരന്തത്തിന് മുകളിലാണ് ഇരിക്കുന്നത്. അതാണ് യാഥാർത്ഥ്യം. ആർക്കും അത് തള്ളിക്കളയാം, മാധ്യമങ്ങൾക്കും അത് അവഗണിക്കാം, പക്ഷേ ഇന്ത്യയ്ക്ക് വലിയൊരു തൊഴിലില്ലായ്മ പ്രശ്നമുണ്ട്. വിദ്യാഭ്യാസ സമ്പ്രദായത്തിലും ഇന്ത്യയ്ക്ക് വലിയ പ്രശ്നങ്ങളുണ്ട്," അമേരിക്കയിലെ കൊളംബിയ സർവകലാശാലയിൽ സംസാരിക്കവെ ലോക്സഭാ പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഇന്ത്യയിലെ യുവാക്കളെക്കുറിച്ചുള്ള മോഡറേറ്റർ ലിഡിയ പോൾഗ്രീനിന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ലോക്സഭാ പ്രതിപക്ഷ നേതാവ്. നിലവിലെ സാഹചര്യങ്ങളിൽ നിരാശ പ്രകടിപ്പിക്കുന്ന യുവാക്കളിൽ ഒരു വിഭാഗം ഇടത്തരം കുടുംബങ്ങളിൽ നിന്നുള്ളവരും ഔപചാരിക വിദ്യാഭ്യാസം നേടിയവരുമാണെന്നും, എന്നാൽ തങ്ങളുടെ ഭാവിയെക്കുറിച്ച് അവർക്ക് കടുത്ത ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
"ഞങ്ങൾ ഇതിനെക്കുറിച്ച് പഠിച്ചുകൊണ്ടിരിക്കുകയാണ്, പരിശോധിച്ചുകൊണ്ടിരിക്കുകയാണ്, ഇതിന്റെ കാരണം വളരെ രസകരമാണ്. തങ്ങൾക്ക് ഒരു ഭാവിയില്ലെന്ന് അവർ കരുതുന്നു എന്നതാണ് ഇതിന്റെ കാതൽ," അദ്ദേഹം പറഞ്ഞു. തൊഴിലവസരങ്ങളെച്ചൊല്ലി യുവാക്കളും അവരുടെ മാതാപിതാക്കളും തമ്മിലുള്ള അകൽച്ച വർദ്ധിച്ചുവരികയാണെന്ന് ചൂണ്ടിക്കാട്ടിയ രാഹുൽ, മുൻ തലമുറയുടെ ഉപദേശങ്ങളെയും അനുഭവങ്ങളെയും പുതുതലമുറ ചോദ്യം ചെയ്യുകയാണെന്നും പറഞ്ഞു.
തൊഴിലില്ലായ്മ, പരിമിതമായ ഭാവി അവസരങ്ങൾ, വിദ്യാഭ്യാസ സമ്പ്രദായത്തെക്കുറിച്ചുള്ള ആശങ്കകൾ എന്നിവ അവഗണിക്കാനാവാത്ത അടിയന്തര വെല്ലുവിളികളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രണ്ട് ദിവസത്തെ അമേരിക്കൻ സന്ദർശനത്തിനെത്തിയ രാഹുൽ ന്യൂയോർക്കിലെ കൊളംബിയ സർവകലാശാലയിലെ വിദ്യാർത്ഥികളെയും അധ്യാപകരെയും അഭിസംബോധന ചെയ്തു. നവംബർ 18 ചൊവ്വാഴ്ച അദ്ദേഹം ചിക്കാഗോ സർവകലാശാലയും സന്ദർശിക്കും.