ശബരിമലയിൽ കൂടുതൽ സ്പോട്ട് ബുക്കിംഗ് വേണം; വെർച്വൽ ക്യൂവിൽ ഭക്തർക്ക് പരാതിയെന്ന് ദേവസ്വം മന്ത്രി

പത്തനംതിട്ട: ശബരിമല തീർത്ഥാടനത്തിന് കൂടുതൽ സ്പോട്ട് ബുക്കിംഗ് സൗകര്യം ഏർപ്പെടുത്തണമെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരൻ. തിരുവനന്തപുരം, പന്തളം, ഏറ്റുമാനൂർ എന്നിവിടങ്ങളിൽ സ്പോട്ട് ബുക്കിംഗ് കേന്ദ്രങ്ങൾ ആരംഭിക്കണമെന്നാണ് മന്ത്രിയുടെ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡിന് മന്ത്രി കത്ത് നൽകി.

മാപ്പുകൾ കാണുക

വെർച്വൽ ക്യൂവിന്റെ പരിധി കഴിഞ്ഞെന്ന കാരണത്താൽ തീർത്ഥാടകർക്ക് അയ്യപ്പദർശനം നിഷേധിക്കുന്നത് ശരിയല്ലെന്ന് മന്ത്രി പറഞ്ഞു. വെർച്വൽ ക്യൂവിൽ രജിസ്റ്റർ ചെയ്യാൻ കഴിയുന്നില്ലെന്ന പരാതിയും ഭക്തർക്കുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സ്പോട്ട് ബുക്കിംഗ് വർധിപ്പിക്കുന്നതിനായി ആഭ്യന്തര വകുപ്പുമായി ആലോചിച്ച് ഹൈക്കോടതിയുടെ അനുമതി തേടണമെന്നും മന്ത്രി നിർദേശിച്ചു.

ഇന്ന് ഉച്ചയ്ക്ക് ഒരു മണിവരെ 39,114 തീർത്ഥാടകരാണ് ശബരിമലയിൽ ദർശനത്തിനായി എത്തിയത്.

അതേസമയം, സന്നിധാനത്ത് ഭക്തജനത്തിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ ആവശ്യമായ ക്രമീകരണങ്ങളും മുന്നൊരുക്കങ്ങളും നടത്തിയിട്ടുണ്ടെന്ന് ശബരിമല എഡിഎം ദിലീപ് കെ. കൈനിക്കര അറിയിച്ചു.

പമ്പാനദിയിൽ മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ പിഴ ചുമത്താൻ ഹൈക്കോടതിയുടെ അനുമതിയുണ്ടെന്നും എഡിഎം വ്യക്തമാക്കി. ഇതിനായി പമ്പ ഡ്യൂട്ടി മജിസ്ട്രേറ്റ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി, സ്പെഷ്യൽ ഓഫീസർ എന്നിവരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ പത്തുദിവസമായി തീർത്ഥാടനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ മികച്ച രീതിയിൽ ഏകോപിപ്പിക്കാൻ സഹകരിച്ച ദേവസ്വം ബോർഡ് ജീവനക്കാരെയും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെയും എഡിഎം അഭിനന്ദിച്ചു. സന്നിധാനവും പരിസരവും വൃത്തിയോടെ സംരക്ഷിക്കുന്ന വിശുദ്ധി സേനയുടെ പ്രവർത്തനങ്ങളെയും അദ്ദേഹം പ്രത്യേകം പ്രശംസിച്ചു.

Leave a Reply

Your email address will not be published. Required fields are marked *