പ്രവാസികൾക്ക് ഇനി യാത്ര എളുപ്പം; ദുബായ്-അബുദാബി ദൂരം താണ്ടാൻ ഒരുമണിക്കൂർ മാത്രം, എത്തിഹാദ് റെയിൽ സർവീസിന് തുടക്കം

ദുബായ്: യുഎഇയുടെ യാത്രാ ചരിത്രത്തിൽ പുതിയ അദ്ധ്യായത്തിന് തുടക്കം കുറിച്ച് ദുബായ്–അബുദാബി എത്തിഹാദ് റെയിൽ പാസഞ്ചർ സർവീസ് ആരംഭിച്ചു. ഇന്ന് രാവിലെ 6.14ന് ദുബായിലെ അൽ യലയിസ് സ്റ്റേഷനിൽ നിന്ന് അബുദാബിയിലേക്കുള്ള ആദ്യ ട്രെയിൻ പുറപ്പെട്ടു. ചരിത്രപരമായ യാത്രയ്ക്കായി നിരവധി യാത്രക്കാരാണ് പുലർച്ചെ തന്നെ സ്റ്റേഷനിൽ എത്തിയത്.

സംഗീതവും നൃത്തവും ഉൾപ്പെടെയുള്ള പരമ്പരാഗത സ്വീകരണത്തോടെയാണ് യാത്രക്കാരെ സ്റ്റേഷനിൽ വരവേറ്റത്. ആദ്യ ട്രെയിനിൽ യാത്ര ചെയ്തവർക്ക് പ്രത്യേക സമ്മാനങ്ങളും ഏർപ്പെടുത്തിയിരുന്നു. ദുബായിലെ അൽ യലയിസ് സ്റ്റേഷനിൽ നിന്ന് അബുദാബിയിലെ മുഹമ്മദ് ബിൻ സായിദ് സിറ്റി സ്റ്റേഷനിലേക്കാണ് പാസഞ്ചർ ട്രെയിൻ സർവീസ് നടത്തുന്നത്. ആദ്യ ട്രെയിൻ രാവിലെ 7.18ന് അബുദാബിയിലെത്തി. തുടർന്ന് രാവിലെ 7.43ന് അബുദാബിയിൽ നിന്ന് ദുബായിലേക്കുള്ള ട്രെയിൻ പുറപ്പെട്ടു. 8.47ന് അൽ യലയിസ് സ്റ്റേഷനിൽ തിരിച്ചെത്തി.

ആദ്യയാത്രയിൽ പങ്കെടുത്തവർ ട്രെയിനിലെ സൗകര്യങ്ങളെയും വേഗതയും കുറിച്ച് മികച്ച അഭിപ്രായങ്ങളാണ് പറഞ്ഞത്. ദുബായിൽ നിന്ന് അബുദാബിയിലേക്ക് ദിവസവും കാറിൽ യാത്ര ചെയ്യുന്നവർക്ക് പുതിയ ട്രെയിൻ വലിയ ആശ്വാസമാകുമെന്നാണ് യാത്രക്കാരുടെ പ്രതികരണം. റോഡ് മാർഗം ഒരു വശത്തേക്കുള്ള യാത്രയ്ക്ക് ഏകദേശം രണ്ട് മണിക്കൂർ വരെ വേണ്ടിവരാറുണ്ടെന്നും യാത്രക്കാർ പറഞ്ഞു. എന്നും അനുഭവിച്ചിരുന്ന ഗതാഗതക്കുരുക്കിനും പാർക്കിംഗ് പ്രശ്നങ്ങൾക്കും പാസഞ്ചർ ട്രയിൻ പരിഹാരമാകുമെന്നാണ് പ്രവാസികളുടെ പ്രതികരണം.

നിലവിൽ ദിവസവും പത്ത് സർവീസുകൾ നടത്താനാണ് അധികൃതർ തീരുമാനിച്ചിരിക്കുന്നത്. ഓൺലൈൻ വഴി മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യുന്ന യാത്രക്കാർക്ക് കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാൻ സാധിക്കും. കംഫർട്ട് ക്ലാസ്' ടിക്കറ്റുകൾ വെബ്‌സൈറ്റ് വഴിയോ ആപ്ലിക്കേഷൻ വഴിയോ ബുക്ക് ചെയ്യുമ്പോൾ 39 ദിർഹമാണ് (ഏകദേശം 1,019 രൂപ)​ നിരക്ക്. എന്നാൽ സ്റ്റേഷനുകളിലെ ടിക്കറ്റ് വെൻഡിംഗ് മെഷീനുകൾ വഴി നേരിട്ട് വാങ്ങുമ്പോൾ 60 ദിർഹം (ഏകദേശം 1,567 രൂപ)​ നൽകേണ്ടിവരും. ഓൺലൈൻ ബുക്കിംഗിലൂടെ യാത്രക്കാർക്ക് 21 ദിർഹം ( ഏകദേശം548 രൂപ)​ വരെ ലാഭിക്കാം.

Leave a Reply

Your email address will not be published. Required fields are marked *