കോഴിക്കോട്: താമരശ്ശേരിയിൽ ഇരുപതുകാരിയായ ദളിത് യുവതി നേരിട്ടത് അതിക്രൂരമായ പീഡനമെന്ന് പരാതി. മയക്കുമരുന്ന് നൽകി ലോഡ്ജിലും സ്വകാര്യബസിലുമെത്തിച്ച് പലതവണ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ സംഭവത്തിൽ രണ്ട് ബസ് ജീവനക്കാർ അറസ്റ്റിലായി. കോഴിക്കോട് അടിവാരം റൂട്ടിലോടുന്ന ബസിലെ ഡ്രൈവർ കെ.കെ. അനീഷ് എന്ന കുട്ടൻ (38), ക്ലീനർ സജിത്ത് എന്ന അക്കു (24) എന്നിവരെയാണ് താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. ഇരുവരെയും കോടതി റിമാൻഡ് ചെയ്തു.
ബസിൽവച്ച് യുവതിയുടെ പണം ജീവനക്കാർ തട്ടിയെടുത്തത് ചോദ്യം ചെയ്തതോടെയാണ് പീഡനത്തിന് തുടക്കമെന്നാണ് പരാതി. ഏപ്രിൽ മാസത്തിൽ ലഹരിവസ്തു നൽകി മയക്കിയശേഷം കാറിൽ കയറ്റി ലോഡ്ജിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. ഇതിനുപിന്നാലെ പീഡനദൃശ്യങ്ങൾ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തിയെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്. നഗ്നചിത്രങ്ങളും ദൃശ്യങ്ങളും കാട്ടി ഭീഷണിപ്പെടുത്തി ബസിൽവച്ച് പലതവണ പീഡിപ്പിച്ചെന്നാണ് പരാതി.
അടിവാരത്തെ ആളൊഴിഞ്ഞ പ്രദേശത്ത് ബസ് നിർത്തി ഷട്ടർ താഴ്ത്തിയശേഷം ഇരുവരും ചേർന്ന് വിവിധ ദിവസങ്ങളിൽ പീഡിപ്പിച്ചതായും യുവതി പോലീസിനോട് വെളിപ്പെടുത്തി. ലോഡ്ജിലെ പീഡനത്തിന് ശേഷം നരിക്കുനി ബസ് സ്റ്റാൻഡിൽ ഇറക്കിവിട്ടെന്നാണ് മൊഴി. അതേസമയം, പീഡനം നടന്ന ബസ് പോലീസ് കസ്റ്റഡിയിലെടുക്കാൻ വൈകിയതിനെതിരെ വിമർശനമുയർന്നിരുന്നു. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്നാണ് ഇന്നലെ വരെ സർവീസ് നടത്തിയിരുന്ന ബസ് കസ്റ്റഡിയിലെടുത്തത്.
സംഭവത്തിൽ അറസ്റ്റിലായവരെ കൂടാതെ കൂടുതൽ പേർക്ക് പങ്കുണ്ടെന്നാണ് യുവതിയുടെ കുടുംബത്തിന്റെ ആരോപണം. കേസിൽ വിശദമായ അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെടുന്നു.