മെയ് 28 നാണ് അമേരിക്കന്‍ ബഹിരാകാശ സാങ്കേതിക വിദ്യാ കമ്പനിയായ ബ്ലൂ ഒറിജിന്റെ ന്യൂ ഗ്ലെന്‍ റോക്കറ്റ് പരീക്ഷണത്തിനിടെ പൊട്ടിത്തെറിച്ചത്. ഫ്ലോറിഡയിലെ കേപ്പ് കനവറലിലിലെ ലോഞ്ച് കോംപ്ലക്സ് 36-ല്‍ വിക്ഷേപണത്തിന് മുന്നോടിയായി നടത്തിയ സ്റ്റാറ്റിക് ഫയര്‍ ടെസ്റ്റിനിടെയാണ് സ്‌ഫോടനം നടന്നത്. ആളപായമൊന്നുമുണ്ടായില്ല. എന്നാല്‍ ലോഞ്ച് കോംപ്ലക്‌സിന് കാര്യമായ നാശനഷ്ടങ്ങളുണ്ടായി.
ആര്‍ട്ടെമിസ് ദൗത്യങ്ങളുടെ ഭാഗമായി ഉപയോഗിക്കാനിരുന്ന റോക്കറ്റാണ് ന്യൂ ഗ്ലെന്‍. ആര്‍ട്ടെമിസ് 3 ദൗത്യവുമായി ബന്ധപ്പെട്ട സുപ്രധാന പ്രഖ്യാപനങ്ങള്‍ നടക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പാണ് ഈ പൊട്ടിത്തെറിയുണ്ടായത് എന്നത് ശ്രദ്ധേയമാണ്. 2026 ജൂണ്‍ ഒമ്പതിന് നടന്ന പരിപാടിയിലാണ് ആര്‍ട്ടെമിസ് 3 യിലെ ദൗത്യ സംഘത്തെ നാസ പ്രഖ്യാപിച്ചത്. ഒപ്പം ദൗത്യത്തിന്റെ കൂടുതല്‍ വിശദാംശങ്ങളും നാസ പുറത്തുവിട്ടു.
ചടങ്ങില്‍ സംസാരിച്ച ബ്ലൂ ഒറിജിന്‍ പ്രതിനിധി ജോണ്‍ കലാരീസ് ലോഞ്ച് കോംപ്ലക് 36 ലുണ്ടായ പ്രശ്‌നം പരാമര്‍ശിച്ചുകൊണ്ടാണ് തുടങ്ങിയത്. സംഭവവുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുകയാണെന്നറിയിച്ച അദ്ദേഹം അപകടത്തില്‍ നശിക്കപ്പെട്ട ലോഞ്ച് കോംപ്ലക്‌സ് വൃത്തിയാക്കുന്ന ജോലികള്‍ നടന്നുവരികയാണെന്ന് അറിയിച്ചു. പാഡ് വൃത്തിയാക്കല്‍ പൂര്‍ത്തിയായാലുടന്‍ ഞങ്ങള്‍ പുനര്‍നിര്‍മ്മാണം ആരംഭിക്കും; അതോടൊപ്പം ലോഞ്ച് കോംപ്ലക്‌സ് 36 ബി-യിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടരുകയും ചെയ്യും. നിലവില്‍ ബ്ലൂ ഒറിജിന്റെ ന്യൂ ഗ്ലെന്‍ റോക്കറ്റിന്റെ എല്ലാ വിക്ഷേപണങ്ങളും ലോഞ്ച് കോംപ്ലക്സ് 36 (LC-36) ല്‍ നിന്നാണ് നടത്തുന്നത്.
ആര്‍ട്ടെമിസ് 3 യുടെ ഭാഗമായി വിക്ഷേപിക്കാനിരിക്കുന്ന ബ്ലൂ ഒറിജിന്റെ പരീക്ഷ ലാന്‍ഡറായ മാര്‍ക്ക് 1 ന്യൂ ഗ്ലെന്‍ റോക്കറ്റിലായിരിക്കും വിക്ഷേപിക്കുക. സ്‌ഫോടനത്തിലേക്ക് നയിച്ച കാരണങ്ങള്‍ കൃത്യമായി കണ്ടെത്തുന്നതിനൊപ്പം ഭാവി വിക്ഷേപണത്തിനായി ലോഞ്ച് കോംപ്ലക്‌സ് ഒരുക്കുകയെന്ന വെല്ലുവിളിയും കമ്പനിക്ക് മുന്നിലുണ്ട്.
മൂണ്‍ ലാന്‍ഡര്‍ നിര്‍മാണം പുരോഗമിക്കുന്നു.
ആര്‍ട്ടെമിസ് ദൗത്യത്തില്‍ നാസയുടെ വാണിജ്യ പങ്കാളികളിലൊന്നാണ് ബ്ലൂ ഒറിജിന്‍. ദൗത്യത്തിന് ആവശ്യമായ ലാന്‍ഡര്‍ നിര്‍മിക്കുന്ന കമ്പനികളിലൊന്നാണിത്. ബ്ലൂ ഒറിജിന്റെ ലൂണാര്‍ എഞ്ചിനീയറിംഗ്, പ്രൊഡക്ഷന്‍ ടീമുകള്‍ മൂണ്‍ ബേസിനും ആര്‍ട്ടെമിസ് വാഹനങ്ങള്‍ക്കുമുള്ള മാര്‍ക്ക് 1 (Mark one) ലാന്‍ഡറുകളുടെ നിര്‍മ്മാണം അതിവേഗം തുടരുകയാണെന്ന് കലാരീസ് പറഞ്ഞു. ഇതിലെ മാര്‍ക്ക് 1 സീരിയല്‍ നമ്പര്‍ ഒന്നിന്റെ പരീക്ഷണം ഉടന്‍ അവസാനിക്കുമെന്നും ഈ വര്‍ഷം തന്നെ അത് വിക്ഷേപണത്തിന് സജ്ജമാവുമെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങളുടെ ബി 7 (B7) എഞ്ചിന്‍ പോലെയുള്ള ആര്‍ട്ടെമിസ് ലാന്‍ഡറുകളുടെ പ്രധാന ഘടകങ്ങള്‍ ഈ ദൗത്യത്തില്‍ ഉപയോഗിക്കും.
2028-ല്‍ നടക്കുന്ന ആര്‍ട്ടെമിസ് ദൗത്യത്തില്‍ ചന്ദ്രനില്‍ ആളില്ലാ ലാന്‍ഡിംഗ് നടത്തുന്നതിനും, അതേ വര്‍ഷം തന്നെ ബഹിരാകാശ സഞ്ചാരികളെ ഇറക്കുന്നതിനും ബ്ലൂ ഒറിജിന്‍ നിര്‍മിക്കുന്ന ലാന്‍ഡര്‍ ആയിരിക്കും ഉപയോഗിക്കുക. അതിന് മുന്നോടിയായി ലാന്‍ഡറിന്റെ പ്രവര്‍ത്തനവും സാങ്കേതിക ക്ഷമതയും ആര്‍ട്ടെമിസ് 3 ദൗത്യത്തില്‍ പരീക്ഷിക്കും. നാസ വിക്ഷേപിക്കുന്ന ഓറിയോണ്‍ പേടകം ഭൂമിയുടെ ഭ്രമണപഥത്തില്‍െച്ച് ബ്ലൂ ഒറിജിന്‍ ലാന്‍ഡറുമായി ഡോക്ക് ചെയ്യുകയും അതിന് ശേഷം ഹാച്ച് ഓപ്പറേഷനുകള്‍, ജീവന്‍ രക്ഷാ സംവിധാനങ്ങള്‍ എന്നിവ പരിശോധിക്കുകയും ചെയ്യും.
‘ആര്‍ട്ടെമിസ് 3-നായുള്ള മാര്‍ക്ക് 2 ലൂണാര്‍ ക്രൂ മൊഡ്യൂള്‍, സ്റ്റോറബിള്‍ റിയാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, ഡോക്കിംഗ് സിസ്റ്റം, എന്‍വയോണ്‍മെന്റല്‍ കണ്‍ട്രോള്‍ ആന്‍ഡ് ലൈഫ് സപ്പോര്‍ട്ട് സിസ്റ്റം എന്നിവയുടെ നിര്‍മ്മാണം നിലവില്‍ പുരോഗമിക്കുകയാണ്. ഫാക്ടറികള്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. നാസയുമായി സഹകരിച്ചുകൊണ്ടാണ് ജോലികള്‍ പുരോഗമിക്കുന്നത്. ആര്‍ട്ടെമിസ് 3-നായുള്ള വാഹനം പൂര്‍ത്തിയാക്കി 2027-ല്‍ വിക്ഷേപണത്തിന് സജ്ജമാകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.’ കലാരീസ് പറഞ്ഞു.
ആ പൊട്ടിത്തെറിയില്‍ ലോഞ്ച്പാഡ് തകര്‍ന്നു, പുനര്‍നിര്‍മിക്കണം – വെളിപ്പെടുത്തി ബ്ലൂ ഒറിജിന്‍