1966ലാണ് ആദ്യമായും അവസാനമായും ഇംഗ്‌ളണ്ട് ലോകകപ്പ് ഫുട്ബാള്‍ കിരീടത്തില്‍ മുത്തമിട്ടത്. പിന്നീട് ലോകോത്തരതാരങ്ങള്‍ നിരവധിയുണ്ടായെങ്കിലും ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള ഫുട്ബാള്‍ ലീഗിന്റെ അധിപരാണെങ്കിലും ലോകകപ്പ് ഇംഗ്‌ളണ്ടിലേക്ക് എത്തിയിട്ടില്ല. 60 വര്‍ഷമായി നീളുന്ന ആ കാത്തിരിപ്പിന് ഇക്കുറിയെങ്കിലും അന്ത്യം കുറിക്കാനാണ് ഹാരി കേനിന്റെ നേതൃത്വത്തില്‍ ഇംഗ്‌ളണ്ട് പടയ്ക്കിറങ്ങുന്നത്.
ലോക ഫുട്‌ബോളിലെ ഏറ്റവും സമ്പന്നമായ ആക്രമണനിരകളിലൊന്നും യുവപ്രതിഭകളാല്‍ നിറഞ്ഞ സ്‌ക്വാഡും കൈവശമുള്ള ഇംഗ്ലണ്ട് ഈ തവണ യഥാര്‍ത്ഥ കിരീടസാധ്യതക്കാരായിട്ടാണ് വിലയിരുത്തപ്പെടുന്നത്. തുടര്‍ച്ചയായി രണ്ട് യൂറോ കപ്പ് ഫൈനലുകളില്‍പരാജയപ്പെട്ടതിന്റെ വേദന ഇംഗ്ലണ്ടിനെ പിന്തുടരുന്നുണ്ട്. എന്നാല്‍ അതേ നിരാശയാണ് ഇത്തവണ ടീമിന്റെ ഏറ്റവും വലിയ പ്രചോദനമായി മാറുന്നത്.ഇംഗ്ലണ്ടിന്റെ വലിയ മാറ്റം പരിശീലകസ്ഥാനത്താണ്. തോമസ് ടുഹേലിന്റെ വരവ് ടീമിന്റെ മുഖച്ഛായ തന്നെ മാറ്റി. ഗാരേത്ത് സൗത്ത് ഗേയ്റ്റിന് പകരം ടുഹേല്‍ വന്നതോടെ ഇംഗ്ലണ്ട് മികച്ച ടീമായി മാറി. അദ്ദേഹത്തിന്റെ കീഴില്‍ നടന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ തോല്‍വിയറിയാതെ മുന്നേറുകയും ഒരു ഗോള്‍ പോലും വഴങ്ങാതിരിക്കുകയും ചെയ്തു. ക്ലബ് തലത്തില്‍ നിരവധി കിരീടങ്ങള്‍ നേടിയ ടുഹേല്‍ ദേശീയ ടീമിനൊപ്പവും ചരിത്രം കുറിക്കാനാണ് ശ്രമിക്കുന്നത്.ഈ ലോകകപ്പില്‍ ഇംഗ്ലണ്ടിന്റെ കരുത്ത് ആക്രമണനിരയാണ്. ലോകത്തിലെ മികച്ച യുവതാരങ്ങളില്‍ പലരും ഇംഗ്ലണ്ടിന്റെ സ്‌ക്വാഡിലുണ്ട്. ഹാരി കേന്‍ തന്നെയാണ് പ്രധാന ഗോള്‍ വേട്ടക്കാരന്‍. ഫിനിഷിംഗില്‍ മാത്രമല്ല, മധ്യനിരയിലേക്ക് ഇറങ്ങി കളിക്കുന്ന അദ്ദേഹത്തിന്റെ ശൈലി വിംഗര്‍മാര്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കുന്നു. കേനിനൊപ്പം ബുക്കായോ സാക്ക, ഫില്‍ ഫോഡന്‍, ജൂഡ് ബെല്ലിംംഗ്ഹാം, കോള്‍ പാമര്‍ തുടങ്ങിയ താരങ്ങള്‍ ഇംഗ്ലണ്ടിന്റെ ആക്രമണത്തെ മൂര്‍ച്ചയുള്ളതാക്കുന്നു. പ്രതിരോധ നിരയിലാണ് ചെറിയ പ്രശ്നങ്ങള്‍. പേരുകേട്ട സെന്റര്‍ ബാക്ക് ടീമിലില്ല. റീസ് ജെയിംസ് അടക്കമുള്ള ഫുള്‍ബായ്ക്കുകള്‍ നിരന്തരം പരിക്കിന്റെ പിടിയിലാണ്.ഇംഗ്ലണ്ടിന് കഴിവുള്ള താരങ്ങള്‍ ഒരിക്കലും കുറവായിരുന്നില്ല. പക്ഷേ ആ കഴിവിനെ കിരീടമായി മാറ്റാന്‍ പലപ്പോഴും സാധിച്ചിരുന്നില്ല. ആ ചരിത്രം മാറ്റാനുള്ള അവസരമാണ് ഇപ്പോഴത്തെ തലമുറയ്ക്ക് മുന്നിലുള്ളത്.
കടുപ്പം ഗ്രൂപ്പ് ഘട്ടം
ഇത്തവണ ഗ്രൂപ്പ് ഘട്ടത്തില്‍ കടുത്ത മത്സരമാണ് ഇംഗ്ലണ്ടിന് നേരിടേണ്ടിവരിക. ക്രൊയേഷ്യ, ഘാന, പനാമ തുടങ്ങിയ ടീമുകള്‍ക്കൊപ്പം ഗ്രൂപ്പ് എല്ലിലാണ് ഇംഗ്ലണ്ടിന്റെ സ്ഥാനം.ആദ്യ മത്സരംതന്നെ ക്രൊയേഷ്യയോടാണ്. തുടര്‍ന്ന് ഘാനയെ നേരിടേണം. ഈ രണ്ട് മത്സരങ്ങളിലെ പ്രകടനമാകും മുന്നോട്ടുള്ള ഗതി നിര്‍ണയിക്കുക. ഒരു ഗ്രൂപ്പില്‍ നിന്ന് ഒന്നും രണ്ടും സ്ഥാനക്കാര്‍ക്കാണ് രണ്ടാം റൗണ്ടിലേക്ക് ഷുവര്‍ സീറ്റ്. 12 ഗ്രൂപ്പുകളില്‍ നിന്ന് മികച്ച എട്ട് മൂന്നാം സ്ഥാനക്കാര്‍ക്ക് കൂടി രണ്ടാം റൗണ്ടിലെത്താം.
ഇംഗ്‌ളണ്ട് സ്‌ക്വാഡ്
ഗോള്‍കീപ്പര്‍മാര്‍ : ജോര്‍ദാന്‍ പിക്‌ഫോഡ്,ഡീന്‍ ഹെന്‍ഡേഴ്‌സണ്‍,ജെയിംസ് ട്രഫോഡ്.
ഡിഫന്‍ഡര്‍മാര്‍ : റീസ് ജെയിംസ്,എസ്‌റി കോന്‍സ,യാറെല്‍ ക്വാന്‍സ,ജോണ്‍ സ്റ്റോണ്‍സ്,മാര്‍ക് ഗ്വേഹി,ഡാന്‍ ബേണ്‍,നിക്കോ ഒറേയ്ലി,എദ് സ്‌പെന്‍സ്,ടിനോ ലിവ്രമെന്റോ.
മിഡ്ഫീല്‍ഡര്‍മാര്‍ : ഡെക്‌ളാന്‍ റൈസ്,എലിയട്ട് ആന്‍ഡേഴ്‌സണ്‍,കോബീ മയ്‌നൂ,ജോര്‍ദാന്‍ ഹെന്‍ഡേഴ്‌സണ്‍,മോര്‍ഗന്‍ റോജേഴ്‌സ്,ജൂഡ് ബെല്ലിംഗ്ഹാം,എബരേച്ചി എസെ.
സ്‌ട്രൈക്കര്‍മാര്‍: ഹാരി കേന്‍,ഇവാന്‍ ടോണി,ഒലീ വാറ്റ്കിന്‍സ്,ബുക്കായോ സാക്ക,മാര്‍ക്കസ് റാഷ്‌ഫോഡ്,ആന്തണി ഗോര്‍ഡന്‍,നോനി മദൂക്കെ.
ജൂണ്‍ 18 Vs ക്രൊയേഷ്യ
ജൂണ്‍ 24 Vs ഘാന
ജൂണ്‍ 28 Vs പാനമ