
കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസിന്റെ 15 വര്‍ഷത്തെ ഭരണം അവസാനിപ്പിച്ച് അധികാരത്തിലെത്തി രണ്ട് മാസത്തിനുള്ളില്‍ തന്നെ, തിരഞ്ഞെടുപ്പിലെ പ്രധാന വാഗ്ദാനങ്ങളിലൊന്നായ ഏകീകൃത സിവില്‍ കോഡ് (യുസിസി) ബില്‍ നിയമസഭയില്‍ അവതരിപ്പിക്കാന്‍ ബിജെപി സര്‍ക്കാര്‍ ഒരുങ്ങുന്നു. ബജറ്റ് സമ്മേളനത്തില്‍ ചര്‍ച്ചയ്‌ക്കെത്തുന്ന ബില്‍ വെള്ളിയാഴ്ച സഭയില്‍ അവതരിപ്പിക്കും. തിരഞ്ഞെടുപ്പിനു ശേഷമുള്ള ആദ്യത്തെ പ്രധാന പ്രത്യയശാസ്ത്ര ചര്‍ച്ചയ്ക്കും ഇതോടെ തുടക്കമാകും. വിവാഹം, വിവാഹമോചനം, അനന്തരാവകാശം, ദത്തെടുക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ മതഭേദമന്യേ എല്ലാ പൗരന്മാര്‍ക്കും ഒരേ സിവില്‍ നിയമം ബാധകമാക്കുകയാണ് ബില്ലിന്റെ ലക്ഷ്യം. വ്യക്തിനിയമങ്ങളും സംസ്ഥാന അധികാരവും തമ്മിലുള്ള ബന്ധം, സമത്വം, മതേതരത്വം, ഭരണഘടനാപരമായ അവകാശങ്ങള്‍ തുടങ്ങിയ വിഷയങ്ങളിലും ബില്‍ വ്യാപകമായ ചര്‍ച്ചകള്‍ക്കു വഴിവയ്ക്കുമെന്നാണു വിലയിരുത്തല്‍.
എല്ലാ പൗരന്മാര്‍ക്കും ഒരേ സിവില്‍ നിയമം വേണമെന്ന ദീര്‍ഘകാല നിലപാടിന്റെ ഭാഗമായാണ് ബിജെപി ബില്ലിനെ അവതരിപ്പിക്കുന്നത്. എന്നാല്‍, സാമൂഹിക സമവായവും ഭരണഘടനാ സംരക്ഷണവും ഉറപ്പാക്കാതെ വിവിധ സമൂഹങ്ങളെ ബാധിക്കുന്ന ഇത്തരമൊരു നിയമം കൊണ്ടുവരാനാകുമോ എന്ന ചോദ്യമാണ് പ്രതിപക്ഷം ഉയര്‍ത്തുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി പുറത്തിറക്കിയ ‘സങ്കല്‍പ്പ് പത്ര’യില്‍, അധികാരത്തിലെത്തി ആറു മാസത്തിനകം ബംഗാളില്‍ യുസിസി നടപ്പാക്കുമെന്ന് ബിജെപി വാഗ്ദാനം ചെയ്തിരുന്നു. പ്രകടനപത്രിക പുറത്തിറക്കിയപ്പോള്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, മതഭേദമില്ലാതെ നിയമത്തിനു മുന്നില്‍ എല്ലാവര്‍ക്കും തുല്യത ഉറപ്പാക്കുന്ന നടപടിയെന്നാണ് ഇതിനെ വിശേഷിപ്പിച്ചത്.
നടപടിക്രമം പാലിക്കുമെന്ന് മുഖ്യമന്ത്രി
വിവാഹം, വിവാഹമോചനം, പിന്തുടര്‍ച്ചാവകാശം, ദത്തെടുക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ നിലവിലുള്ള മതാധിഷ്ഠിത വ്യക്തിനിയമങ്ങള്‍ക്കു പകരം എല്ലാവര്‍ക്കും ഒരുപോലെ ബാധകമായ നിയമചട്ടക്കൂട് കൊണ്ടുവരാനാണ് ബില്ലിലൂടെ ലക്ഷ്യമിടുന്നത്. അതേസമയം, ഭരണഘടനാപരമായി ചില വിഭാഗങ്ങള്‍ക്കു ലഭിച്ചിട്ടുള്ള ഇളവുകള്‍ തുടരുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു. ഈ സമ്മേളനത്തില്‍ തന്നെ, വെള്ളിയാഴ്ച ബില്‍ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി സൂചിപ്പിച്ചു. ”ഗുജറാത്തിലും ഉത്തരാഖണ്ഡിലും അസമിലും പിന്തുടര്‍ന്ന നടപടിക്രമം തന്നെയാണ് ബംഗാളിലും സ്വീകരിക്കുക. ഇക്കാര്യം തിങ്കളാഴ്ച നിയമസഭയെ അറിയിക്കും” – അദ്ദേഹം പറഞ്ഞു. ബിജെപി ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലെ മാതൃകയിലാണ് ബംഗാളിലെ ബില്ലിന്റെ ചട്ടക്കൂടും തയാറാക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ വാക്കുകളില്‍നിന്ന് വ്യക്തമാകുന്നത്. സാമൂഹികവും നിയമപരവുമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന പരിഷ്‌കാരമായതിനാല്‍ ആവശ്യമായ നടപടിക്രമങ്ങള്‍ പാലിക്കുമെന്ന കാര്യത്തിലും മുഖ്യമന്ത്രി ഊന്നിപ്പറഞ്ഞു.
ഭരണഘടനാപരമായി സംരക്ഷണം ലഭിച്ച ഗോത്രവര്‍ഗ സമൂഹങ്ങളെ നിര്‍ദിഷ്ട നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തില്ലെന്ന് സംസ്ഥാന ബിജെപി അധ്യക്ഷന്‍ സമിക് ഭട്ടാചാര്യ ബില്‍ അവതരിപ്പിക്കുന്നതിനു മുന്നോടിയായി വ്യക്തമാക്കി. ”യുസിസിയെക്കുറിച്ചുള്ള ബിജെപിയുടെ നിലപാട് വര്‍ഷങ്ങളായി വ്യക്തമാണ്. അതു ഞങ്ങളുടെ രാഷ്ട്രീയ പ്രതിബദ്ധതയുടെയും തിരഞ്ഞെടുപ്പ് പ്രകടനപത്രികയുടെയും ഭാഗമാണ്” – സമൂഹമാധ്യമത്തിലെ കുറിപ്പില്‍ അദ്ദേഹം പറഞ്ഞു. ഭരണഘടനയുടെ 366(25), 342 വകുപ്പുകള്‍ പ്രകാരം അംഗീകരിക്കപ്പെട്ട പട്ടികവര്‍ഗ വിഭാഗങ്ങളെ നിയമത്തില്‍നിന്ന് ഒഴിവാക്കുമെന്നും അവരുടെ ആചാരങ്ങളും പാരമ്പര്യങ്ങളും പ്രത്യേക അവകാശങ്ങളും സംരക്ഷിക്കപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. കുടുംബാസൂത്രണവുമായി ബന്ധപ്പെട്ട പ്രചാരണങ്ങളും അദ്ദേഹം തള്ളി. അത്തരം വ്യവസ്ഥകള്‍ യുസിസിയുടെ ഭാഗമല്ലെന്നും അദ്ദേഹം പറഞ്ഞു.
ഭരണഘടനാ തത്വങ്ങളില്‍ അധിഷ്ഠിതമായ ഭരണപരിഷ്‌കാരമായാണു സര്‍ക്കാര്‍ ബില്ലിനെ അവതരിപ്പിക്കുന്നത്. മതാധിഷ്ഠിത വ്യക്തിനിയമങ്ങളിലുള്ള അസമത്വം ഒഴിവാക്കി നിയമപരമായ തുല്യത ഉറപ്പാക്കുമെന്നാണ് സര്‍ക്കാരിന്റെ വാദം. എന്നാല്‍, നിയമപരമായും രാഷ്ട്രീയപരമായും ബില്ലിനെ ശക്തമായി എതിര്‍ക്കാനാണു പ്രതിപക്ഷത്തിന്റെ തീരുമാനം. പാര്‍ട്ടി എംഎല്‍എമാരുടെയും മുതിര്‍ന്ന നേതാക്കളുടെയും യോഗത്തില്‍, ടിഎംസി അധ്യക്ഷയും മുന്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി ബില്ലിനെതിരെ നിയമസഭയ്ക്കകത്തും പുറത്തും ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാന്‍ നിര്‍ദേശം നല്‍കി. ഭരണഘടനാ ധാര്‍മികത, സാമൂഹിക സമ്മതം, ഇന്ത്യയുടെ ബഹുസ്വരത എന്നിവയെക്കുറിച്ചുള്ള ഗൗരവമായ ചോദ്യങ്ങളാണ് ഈ നീക്കം ഉയര്‍ത്തുന്നതെന്ന് അവര്‍ പറഞ്ഞു. യുസിസിയെ നിയമപരിഷ്‌കാരത്തിനല്ല, രാഷ്ട്രീയ ധ്രുവീകരണത്തിനുള്ള ഉപകരണമായാണ് ബിജെപി ഉപയോഗിക്കുന്നതെന്ന് ടിഎംസിയിലെ മുതിര്‍ന്ന നേതാക്കളും ആരോപിച്ചു. ”പൗരന്മാരുടെ ക്ഷേമത്തിനും ഭരണഘടനാ മൂല്യങ്ങള്‍ക്കും വേണ്ടിയാണോ, അതോ രാഷ്ട്രീയ ധ്രുവീകരണത്തിനുള്ള ഉപകരണമായാണോ യുസിസി കൊണ്ടുവരുന്നത് എന്നതാണ് പ്രധാന ചോദ്യം” – ടിഎംസിയിലെ ഒരു മുതിര്‍ന്ന നേതാവ് പറഞ്ഞു.
മമതയുടെ നേതൃത്വത്തെ വെല്ലുവിളിക്കുന്ന വിമതവിഭാഗം നേതാവ് ഋതബ്രത ബാനര്‍ജിയും സര്‍ക്കാരിന്റെ തിരക്കുപിടിച്ച നീക്കത്തെ ചോദ്യം ചെയ്തു. ”എന്തിനാണ് ഈ ധൃതി എന്നു മനസ്സിലാകുന്നില്ല. യുസിസി പോലുള്ള വിഷയത്തില്‍ വിപുലമായ ചര്‍ച്ചയും കൂടിയാലോചനയും അനിവാര്യമാണ്” – അദ്ദേഹം പറഞ്ഞു. വ്യക്തിനിയമങ്ങളെയും കുടുംബകാര്യങ്ങളെയും ബാധിക്കുന്ന നിയമനിര്‍മാണം മതിയായ പൊതുചര്‍ച്ചയില്ലാതെ തിടുക്കത്തില്‍ പാസാക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.