മധുരം അധികം ഇഷ്ടമില്ലാത്തവർക്കും ധൈര്യമായി കഴിക്കാൻ പറ്റിയ ഒരു കിടിലൻ ഡെസേർട്ടാണ് ചീസ് കേക്കുകൾ. നാവിൽ വച്ചാൽ അലിഞ്ഞുപോകുന്ന ക്രീമി രൂപവും അതിമനോഹരമായ രുചിയുമാണ് ചീസ് കേക്കുകളെ ലോകമെമ്പാടുമുള്ള ഭക്ഷണപ്രേമികളുടെ പ്രിയപ്പെട്ടതാക്കുന്നത്. എന്നാൽ ഈ രുചിക്കപ്പുറം ലോകത്തെ അമ്പരപ്പിച്ച ചില ചീസ് കേക്ക് റെക്കോർഡുകൾ കൂടിയുണ്ട്. കേട്ടാൽ വിശ്വസിക്കാൻ പ്രയാസമുള്ള അത്തരം ചില കൗതുകകരമായ ലോക റെക്കോർഡുകളെക്കുറിച്ചാണ് ഇവിടെ പറയുന്നത്. ലക്ഷങ്ങൾ വിലമതിക്കുന്ന കേക്ക് മുതൽ ആയിരക്കണക്കിന് കിലോ ഭാരമുള്ള ഭീമൻ കേക്ക് വരെ ഈ കൂട്ടത്തിലുണ്ട്.
വില കേട്ടാൽ ഞെട്ടും; ലക്ഷങ്ങൾ വിലയുള്ള ചീസ് കേക്ക്
ലോകത്തിലെ ഏറ്റവും വില കൂടിയ ചീസ് കേക്ക് ഉണ്ടാക്കിയതിന്റെ ഗിന്നസ് റെക്കോർഡ് ന്യൂയോർക്ക് സിറ്റിയിലെ ‘റിസ്റ്റോറന്റെ റഫേലെ’യിലെ ഷെഫ് ആയ റാഫേലെ റോങ്കയ്ക്കാണ്. 2017 ഒക്ടോബർ 30 നാണ് ഇത്രയും വലിയ തുകയ്ക്കുള്ള ഈ കേക്ക് അദ്ദേഹം തയാറാക്കിയത്. 4,592.42 ഡോളർ, അതായത് നമ്മുടെ ഇന്ത്യൻ രൂപയിൽ ഏകദേശം 4.4 ലക്ഷം രൂപയായിരുന്നു ഈ കേക്കിന്റെ വില.
ഇത്രയും വലിയ വില വരാൻ കാരണമെന്താണെന്നല്ലേ? ഇറ്റലിയിലെ ആൽബയിൽ നിന്ന് ഇറക്കുമതി ചെയ്ത വൈറ്റ് ട്രഫിളുകൾ, എരുമപ്പാലിൽ നിന്നുള്ള റിക്കോട്ട ചീസ്, മഡഗാസ്കർ വാനില, ഹെന്നസി പാരഡിസ് കൊഗ്നാക് എന്നിവയാണ് ഇതിൽ പ്രധാനമായും ഉപയോഗിച്ചത്. ഇതിനെല്ലാം പുറമെ 200 വർഷം പഴക്കമുള്ള ബാൽസാമിക് വിനാഗിരിയും, കഴിക്കാൻ കഴിയുന്ന 24 ക്യാരറ്റ് സ്വർണ്ണ ഇലകളും ഉപയോഗിച്ചാണ് ഈ കേക്ക് അതിമനോഹരമായി അലങ്കരിച്ചത്. അക്ഷരാർത്ഥത്തിൽ ഒരു ലക്ഷ്വറി കേക്ക് തന്നെയാണിത്!
6,800 കിലോ ഭാരമുള്ള ഒരു ഭീമൻ കേക്ക്!
വിലയുടെ കാര്യത്തിൽ മാത്രമല്ല, വലുപ്പത്തിലും ചീസ് കേക്കുകൾ റെക്കോർഡ് ഇട്ടിട്ടുണ്ട്. യു.എസ്.എയിലെ ന്യൂയോർക്കിലുള്ള ലോവില്ലെയിലെ ഫിലാഡെൽഫിയ ക്രീം ചീസ് ആണ് ലോകത്തിലെ ഏറ്റവും വലിയ ചീസ് കേക്ക് എന്ന നേട്ടം സ്വന്തമാക്കിയത്. 2024 സെപ്റ്റംബർ 20 നായിരുന്നു ഈ സംഭവം. ഈ ഭീമൻ കേക്കിന്റെ ഭാരം എത്രയാണെന്നോ? അമ്പരക്കേണ്ട, 6,807.5 കിലോഗ്രാമാണ് ഇതിന്റെ ആകെ ഭാരം.