ഹൈദരാബാദ്: മറ്റൊരു പുരുഷനുമായി സൗഹൃദം സ്ഥാപിച്ചതിന് അധ്യാപകൻ വിദ്യാത്ഥിനിയെ വിഷം നൽകി കൊന്നു. തന്ത്രപരമായ നീക്കത്തിൽ, സൗഹൃദം സ്ഥാപിച്ച സുഹൃത്തിനെ കുടുക്കാനായി ബലമായി പീഡന പരാതിയും എഴുതിവാങ്ങിയിരുന്നു.
തന്ദ്ര അക്ഷിതറാണി എന്ന 20 കാരിയായ തെലങ്കാനയിലെ എഞ്ചിനീയറിംഗ് വിദ്യാർത്ഥിനി കീടനാശിനി കഴിച്ച് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടു. ആത്മഹത്യാ കുറിപ്പും പൊലീസിനു ലഭിച്ചു. ചികിത്സയിലിരിക്കെ യുവതി മരിച്ചു. പൊലീസ് ആത്മഹത്യാ കേസ് രജിസ്റ്റർ ചെയ്തു. എന്നാൽ യുവതിയെ നിർബന്ധിച്ച് കീടനാശിനി കഴിപ്പിച്ചതാണെന്നും അതിനുശേഷം നടന്നതെല്ലാം ഒരു പദ്ധതിയുടെ ഭാഗമാണെന്നും പൊലീസ് കണ്ടെത്തിയതോടെ ഈ കേസിൽ നാടകീയമായ വഴിമാറ്റങ്ങൾ ഉണ്ടായി.
ഡിപ്ലോമ പഠനകാലത്താണ് നാസ്പൂർ സിംഗരേണി കൊളീരീസ് പോളിടെക്നിക്കിലെ താൽക്കാലിക അധ്യാപകനായ നവീൻ കുമാറുമായി അക്ഷിതറാണി പരിചയപ്പെടുന്നത്. തുടർന്ന് അക്ഷിതറാണി മൈനിംഗ് എഞ്ചിനീയറിംഗിൽ ഡിഗ്രി പഠനത്തിനായി ഹൈദരാബാദിലേക്ക് മാറുകയും, അവിടെ ഒരു സിംഗരേണി ഖനിയിലെ അപ്രന്റീസ്ഷിപ്പിനിടയിൽ രവി കുമാറുമായി പരിചയപ്പെടുകയും ചെയ്തതോടെ നവീനുമായുള്ള ബന്ധം വഷളായി. അക്ഷിതറാണി തന്നിൽ നിന്ന് അകലുന്നതും രവി കുമാറുമായി അടുക്കുന്നതും നവീൻ കുമാറിന് സഹിക്കാൻ കഴിഞ്ഞില്ല.
പോലീസ് പറയുന്നതനുസരിച്ച്, സെപ്റ്റംബർ 12 ന് അക്ഷിതറാണി വീട്ടിലേക്ക് മടങ്ങിവരുമ്പോൾ എഫ്.സി.ഐ ക്രോസ് റോഡിന് സമീപം വെച്ച് നവീൻ അവളെ തടഞ്ഞുനിർത്തി കാറിൽ കയറ്റി. തുടർന്ന് രവി കുമാറിനെതിരെ ലൈംഗികാതിക്രമ ആരോപണം ഉന്നയിച്ച് ഒരു കുറിപ്പ് എഴുതി വാങ്ങുകയും, അവളെ നിർബന്ധിച്ച് കീടനാശിനി കഴിപ്പിക്കുകയും ചെയ്തു. പിന്നീട് അവളുടെ ഫോൺ ഉപയോഗിച്ച് അവളുടെ പിതാവിനെ വിളിച്ച്, അവൾ ജീവനൊടുകാൻ ശ്രമിച്ചതാണെന്ന് കുടുംബത്തെ വിശ്വസിപ്പിക്കാൻ അയാൾ ശ്രമിച്ചു.
സെപ്റ്റംബർ 12 ന് ഗോദാവരിഖാനി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ച അക്ഷിതറാണി, പിറ്റേദിവസം മരണപ്പെട്ടു.ഈ കൊലപാതക രഹസ്യം ചുരുളഴിക്കാൻ സിസിടിവി ദൃശ്യങ്ങൾ, കോൾ ലോഗുകൾ, കോൾ റെക്കോർഡിംഗുകൾ മറ്റ് സാങ്കേതിക തെളിവുകൾ എന്നിവയാണ് പോലീസ് പ്രധാനമായും ആശ്രയിച്ചത്. സംഭവങ്ങളുടെ ക്രമം കണ്ടെത്താനും നവീനാണ് മുഖ്യപ്രതി എന്ന് തിരിച്ചറിയാനും ഈ തെളിവുകൾ സഹായിച്ചു.
രവി കുമാറിനെതിരെ അക്ഷിതറാണി ഉന്നയിച്ച ബലാത്സംഗ ആരോപണത്തെക്കുറിച്ച് പ്രത്യേക അന്വേഷണം നടന്നു വരികയാണ്. എന്നാൽ, രവി കുമാറിന്റെ ഭാര്യ ഈ ആരോപണങ്ങൾ നിഷേധിക്കുകയും, അദ്ദേഹത്തെ മനപ്പൂർവം കേസിൽ കുടുക്കിയതാണെന്നും സിംഗരേണിയിലെ ആഭ്യന്തര അന്വേഷണത്തിൽ അദ്ദേഹം കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും വ്യക്തമാക്കി.