തിരുവനന്തപുരം ∙ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിന് ആദരമായി തപാൽ മുദ്രയും പ്രത്യേക കവറും ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ പ്രകാശനം ചെയ്തു. കേരളം ഐക്യം, സൗഹാർദം, ആത്മീയത, പുരാതനമായ സാംസ്കാരിക പാരമ്പര്യങ്ങൾ എന്നിവയ്ക്കായി നിലകൊള്ളുന്ന നാടാണെന്ന് ഗവർണർ പറഞ്ഞു. തപാൽ വകുപ്പ് കേരളത്തിന്റെ ഈ സാംസ്കാരിക പൈതൃകം ലോകത്തിന് മുന്നിൽ എത്തിക്കാനും പ്രദർശിപ്പിക്കാനും സഹായിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.സംസ്ഥാന മൃഗമായ ആന, സംസ്ഥാന പക്ഷിയായ മലമുഴക്കി വേഴാമ്പൽ എന്നിവയുടെ ചിത്രമടങ്ങിയ തപാൽ കാർഡുകളും പുറത്തിറക്കി. ഹർ ഘർ തിരംഗയുടെ ഭാഗമായി വിശിഷ്ടാതിഥികൾ ത്രിവർണ പതാക പ്രദർശിപ്പിച്ചു. കേരള സർക്കിൾ ചീഫ് പോസ്റ്റ് മാസ്റ്റർ ജനറൽ അമിതാഭ് സിങ് സ്വാഗതം ആശംസിച്ചു. നഗരസഭ ഡെപ്യൂട്ടി മേയർ ജി.എസ്.ആശാനാഥ്, ക്ഷേത്ര ഭരണസമിതി അംഗങ്ങളായ ആദിത്യ വർമ്മ, കരമന ജയൻ, അഡ്വ എ. വേലപ്പൻ നായർ, ഫോർട്ട് വാർഡ് കൗൺസിലർ എസ്.ഹരികുമാർ, പോസ്റ്റൽ സർവീസസ് ഡയറക്ടർ എൻ.ആർ.ഗിരി തുടങ്ങിയവർ സന്നിഹിതരായിരുന്നു.