തിരുവനന്തപുരം : സംസ്ഥാനത്ത് തിരുവോണ ദിവസമായ ഇന്ന് കനത്ത മഴ. ഇക്കാര്യം നേരത്തേ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് നൽകിയിരുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇതിനെ തുടർന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂർ, കാസകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
നേരത്തെ തിരുവോണ നാളിൽ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു. തിരുവോണ നാളിൽ വടക്കൻ കേരളത്തിലെ രണ്ട് ജില്ലകളിൽ കൂടി മഴ ലഭിച്ചേക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ ഏറ്റവും പുതിയ പ്രവചനം.
അതേസമയം ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് തുടരുകയാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോട് കൂടിയ മഴക്കും മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നാളെ ഒരു ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടില്ല. വ്യാഴം, വെള്ളി ദിവസങ്ങളിലും ഒരു ജില്ലയിലും മഴ മുന്നറിയിപ്പില്ല.
കേരളം കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും നാളെയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. ഇന്നും നാളെയും കേരളം കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നാണ് പ്രവചനം.