കൊച്ചി: ഹൈക്കോടതിക്ക് സമീപം ട്രാഫിക് പോലീസുകാരനെ ഇടിച്ചിട്ട് സ്വകാര്യബസ്. ഇന്നലെ വൈകിട്ട് ഏഴരയോടെയായിരുന്നു അപകടം. പരിക്കേറ്റ സിപിഒ ശ്രീദത്ത് ആശുപത്രിയിൽ ചികിത്സ തേടി. അപകടവുമായി ബന്ധപ്പെട്ട് 'മഹാത്മ' ബസും ഡ്രൈവർ കാക്കനാട് സ്വദേശി അനീഷിനെയും പോലീസ് കസ്റ്റഡിയിലെടുത്തു. മേനക ഭാഗത്തുനിന്ന് അമിതവേഗത്തിലും അശ്രദ്ധമായും എത്തിയ ബസ് ബാനർജി റോഡിലേക്ക് തിരിയുന്നതിനിടെയാണ് പോലീസുകാരനെ ഇടിച്ചിട്ടത്.
കൊച്ചിയിലെ സ്വകാര്യ ബസുകളുടെ അമിതവേഗവും അപകടകരമായ ഡ്രൈവിങ്ങും കഴിഞ്ഞദിവസം ഹൈക്കോടതിയുടെ രൂക്ഷവിമർശനത്തിന് ഇടയാക്കിയിരുന്നു. ഇത്തരം ബസുകൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കോടതി നിർദേശിക്കുകയും ചെയ്തിരുന്നു. വിഷയത്തിൽ കൊച്ചി കോർപ്പറേഷന് അന്ത്യശാസനം നൽകിയ കോടതി, നടപടിയുണ്ടായില്ലെങ്കിൽ കോർപ്പറേഷൻ സെക്രട്ടറിയെ നേരിട്ട് വിളിച്ചുവരുത്തുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു.