കനത്ത മഴ; ഡൽഹിയിൽ റെ‌ഡ് അലർട്ട്, വിമാനത്താവളത്തിലടക്കം വെള്ളക്കെട്ട്, സർവീസുകൾ വഴിതിരിച്ചുവിട്ടു

ന്യൂഡൽഹി: ഡൽഹി-എൻസിആറിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയെത്തുടർന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ശക്തമായ മഴയ്ക്ക് പുറമെ ഇടിമിന്നലിനും ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ചുരുങ്ങിയ സമയത്തിനുള്ളിൽ മഴ ശക്തമാകാൻ സാദ്ധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നാണ് നിർദേശം. മഴ ശക്തമായതോടെ റോഡുകളിൽ വെള്ളം കെട്ടിനിൽക്കുന്ന സാഹചര്യമാണുള്ളത്.
കനത്ത മഴയെ തുടർന്ന് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലും വെള്ളക്കെട്ടുണ്ടായി. ഡൽഹിയിലേക്ക് എത്തിയ നിരവധി വിമാന സർവീസുകളെ മഴ ബാധിച്ചു. ഒമ്പതോളം വിമാന സർവീസുകളാണ് വഴിതിരിച്ചുവിട്ടത്. അഹമ്മദാബാദ്, മുംബയ്, പോർട്ട് ബ്ലെയർ എന്നിവിടങ്ങളിൽ നിന്നുള്ള ആഭ്യന്തര വിമാന സർവീസുകൾ വൈകി.
ഡൽഹിയിലെ മോശം കാലാവസ്ഥ വിമാന സർവീസുകളെ ബാധിച്ച സാഹചര്യത്തിൽ ഇൻഡിഗോ യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വിമാനത്തിൽ യാത്ര ചെയ്യുന്നവർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് വെബ്സൈറ്റിലൂടെയോ ആപ്പിലൂടെയോ വിമാനത്തിന്റെ സമയക്രമം പരിശോധിക്കണമെന്നും റോഡിലെ ഗതാഗതം മന്ദഗതിയിലാകാൻ സാദ്ധ്യതയുള്ളതിനാൽ അധിക യാത്രാസമയം കണക്കിലെടുക്കണമെന്നും കമ്പനി അറിയിച്ചു.
വൈകിട്ട് അഞ്ച് മണി മുതൽ രാത്രി എട്ടുവരെ നഗരത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും വീണ്ടും നേരിയതോ മിതമായതോ ആയ മഴയ്ക്കും ഇടിമിന്നലിനും സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

Leave a Reply

Your email address will not be published. Required fields are marked *