വാഷിംഗ്‌ടൺ: വാർത്താ റിപ്പോർട്ടിംഗിനിടെ ഹെലികോപ്‌റ്റർ തകർന്നുവീണ് മൂന്നുപേർ മരിച്ചു. രണ്ട് പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമേരിക്കയിലെ ലോസ് ആഞ്ചലസ് നഗരത്തിലെ ചാറ്റ്‌സ്‌വർത്ത് മേഖലയിലാണ് അപകടം.
എൻബിസി ലോസ് ആഞ്ചലസിന്റെ ന്യൂസ്‌ചോപ്പർ 4 ഹെലികോപ്‌റ്ററാണ് അപകടത്തിൽപ്പെട്ടത്. പ്രദേശത്തുണ്ടായ ബസ് അപകടം റിപ്പോർട്ട് ചെയ്യുന്നതിനിടെയായിരുന്നു ദുരന്തം. ഹെലികോപ്‌റ്ററിലുണ്ടായിരുന്ന രണ്ട് പേരും മരിച്ചതായി എൻബിസി ലോസ് ആഞ്ചലസ് സ്ഥിരീകരിച്ചു. എലിയാന മൊറേനോ, ജോർജ് മാർസിനിയു എന്നിവരാണ് മരിച്ചത്. ഇരുവരും തങ്ങളുടെ പ്രിയപ്പെട്ട സുഹൃത്തും സഹപ്രവർത്തകരുമായിരുന്നെന്ന് ചാനൽ അവതാരകർ പറഞ്ഞു.
പ്രദേശത്തെ രണ്ട് വാണിജ്യ കെട്ടിടങ്ങൾക്കിടയിലേക്കാണ് ഹെലികോപ്‌റ്റർ തകർന്നുവീണത്. അപകടത്തിന് പിന്നാലെ പ്രദേശത്തുണ്ടായിരുന്ന നാല് വാഹനങ്ങൾക്കും രണ്ട് സ്റ്റോറേജ് കണ്ടെയ്‌നറുകൾക്കും തീപിടിച്ചു. എഴുപതിലേറെ അഗ്നിരക്ഷാസേനാംഗങ്ങളെത്തിയാണ് തീയണച്ചത്. പ്രദേശത്തുണ്ടായ വാഹനാപകടം റിപ്പോർട്ട് ചെയ്യുന്നതിനായി നിരവധി ഹെലികോപ്‌റ്ററുകൾ പറക്കുന്നുണ്ടായിരുന്നു. ഇതിനിടെയാണ് അപകടം ഉണ്ടായത്.
റിപ്പോർട്ടിംഗിനിടെ അപകടം; വാർത്താസംഘത്തിന്റെ ഹെലികോപ്‌റ്റർ തകർന്നുവീണ് മൂന്ന് മരണം