പണമുണ്ടാക്കാൻ കഴുതകളെ കൊല്ലുന്നു; പാകിസ്ഥാനിൽ നിന്ന് ചൈനയിലേക്കുള്ള വിചിത്ര കയറ്റുമതിയുടെ രഹസ്യം ഇതാണ്

ഇസ്ലാമബാദ്: പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ ദിവസേന നൂറുകണക്കിന് കഴുതകളെയാണ് കശാപ്പ് ചെയ്യുന്നത്. ചൈനീസ് വിപണിയെ ലക്ഷ്യമിട്ടുകൊണ്ട് ഇവയുടെ മാംസവും തോലുകളും കയറ്റി അയക്കുന്നതിനാണ് ഇത്തരത്തിൽ കഴുതകളെ കൊല്ലുന്നത്. അതേസമയം സ്വന്തം രാജ്യത്തെ കഴുതകളുടെ എണ്ണം കുറഞ്ഞതും, പരമ്പരാഗത ഔഷധ ഉൽപ്പന്നമായ ‘ഇജിയോ’ ക്കായുള്ള ആവശ്യകത വർദ്ധിച്ചതുമാണ് പാകിസ്ഥാനിൽ നിന്നും കഴുതകളെ വാങ്ങാൻ ചൈനയെ പ്രേരിപ്പിച്ചത്. കഴുതയിറച്ചിയേക്കാളുപരി അവയുടെ തോലിനാണ് ചൈനയിൽ പ്രാധാന്യം. കഴുതയുടെ തോൽ തിളപ്പിച്ച് കൊളാജൻ വേർതിരിച്ചെടുത്താണ് ‘ഇജിയോ’ എന്ന ഉൽപ്പന്നം നിർമ്മിക്കുന്നത്. ചൈനീസ് പരമ്പരാഗത വൈദ്യശാസ്ത്രത്തിൽ ഇത് നൂറ്റാണ്ടുകളായി ഉപയോഗിച്ചുവരുന്നവയാണ്.
രക്തയോട്ടം കൂട്ടുന്നതിനും പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ഉറക്കം മെച്ചപ്പെടുത്തുന്നതിനും ഇജിയോ സഹായിക്കുമെന്നാണ് ചൈനക്കാരുടെ വിശ്വാസം. ഇതിനുപുറമെ സൗന്ദര്യവർദ്ധക വസ്തുക്കളിലും വാർദ്ധക്യം തടയാനുള്ള ഔഷധങ്ങളിലും ഇവ ഉപയോഗിക്കുന്നുണ്ട്. ചൈനീസ് വിപണിയിൽ ഇവയ്ക്ക് കോടികളാണ് വില. യു.എസ് കോൺഗ്രഷണൽ റിസർച്ച് സർവീസിന്റെ റിപ്പോർട്ട് പ്രകാരം, ഇജിയോ നിർമ്മാണത്തിനായി ലോകമെമ്പാടും പ്രതിവർഷം 23 ലക്ഷം മുതൽ 48 ലക്ഷം വരെ കഴുതകളെയാണ് കശാപ്പ് ചെയ്യുന്നത്. ചൈനയിലെ സ്വന്തം കഴുതകളുടെ എണ്ണം കുത്തനെ കുറഞ്ഞതോടെയാണ് അവർ വിദേശ രാജ്യങ്ങളെ ആശ്രയിച്ചുതുടങ്ങിയതെന്നാണ് റിപ്പോർട്ടുകൾ.
എന്തുകൊണ്ട് പാകിസ്ഥാൻ
ലോകത്ത് ഏറ്റവും കൂടുതൽ കഴുതകളുള്ള രാജ്യങ്ങളിലൊന്നാണ് പാകിസ്ഥാൻ. പാകിസ്ഥാനിലെ എകണോമിക് സർവേ പ്രകാരം രാജ്യത്തെ കഴുതകളുടെ എണ്ണം ആറു മില്യണിലധികം വരും. ചൈന പുതിയ വിപണികൾ തേടിയപ്പോൾ പാകിസ്ഥാൻ അവർക്ക് ഏറ്റവും അനുയോജ്യമായ ഇടമായി മാറുകയായിരുന്നു. ചൈന വർഷങ്ങൾക്ക് മുമ്പ് തന്നെ പാകിസ്ഥാനിൽ നിന്ന് കഴുതകളെ ഇറക്കുമതി ചെയ്യാൻ താല്പര്യം പ്രകടിപ്പിച്ചിരുന്നു. ഇതിനായി പഞ്ചാബിലെ ഒകാര ജില്ലയിൽ മൂവായിരത്തിലധികം ഏക്കറിൽ സർക്കാർ ഉടമസ്ഥതയിലുള്ള ഫാമും പാകിസ്ഥാൻ ആരംഭിച്ചിരുന്നു. ചൈനീസ് വിപണി ലക്ഷ്യമിട്ട് വിവിധയിനം കഴുതകളെ വളർത്തുകയായിരുന്നു ഇതിന്റെ ലക്ഷ്യം.
ആഫ്രിക്കൻ രാജ്യങ്ങളായിരുന്നു നേരത്തെ വൻതോതിൽ കഴുതകളെ കയറ്റി അയച്ചിരുന്നത്. എന്നാൽ കഴുതകളുടെ എണ്ണം ഭയപ്പെടുത്തുന്ന രീതിയിൽ കുറഞ്ഞതിനെ തുടർന്ന്, 2024ൽ ആഫ്രിക്കൻ യൂണിയൻ കഴുതകളെ കശാപ്പ് ചെയ്യുന്നതിനും തോൽ കയറ്റി അയക്കുന്നതിനും വ്യാപകമായി നിരോധനം ഏർപ്പെടുത്തി. ആഫ്രിക്കൻ വിപണി പൂജ്യത്തിലേക്ക് എത്തിയതോടെ ചൈനീസ് വ്യാപാരികൾ പാകിസ്ഥാൻ, ബ്രസീൽ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു.
പാകിസ്ഥാനിലെ നിലവിലെ സാഹചര്യം
കഴുതയിറച്ചി പശുവിൻമാട്ടെന്ന വ്യാജേന വിൽക്കുന്നുവെന്ന പരാതികളെ തുടർന്ന് പാകിസ്ഥാൻ നേരത്തെ കഴുതത്തോൽ കയറ്റി അയക്കുന്നത് തടഞ്ഞിരുന്നു. എന്നാൽ വർഷങ്ങൾക്ക് ശേഷം വാണിജ്യ മന്ത്രാലയത്തിന്റെ ഉത്തരവിലൂടെ ഈ നിയന്ത്രണം നീക്കുകയാണുണ്ടായത്. ഗ്വാദർ ഫ്രീ സോണിലാണ് പ്രധാന കശാപ്പ് കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. ഇതിലൂടെ ലഭിക്കുന്ന മാംസവും തോലുകളും ആഭ്യന്തര വിപണിയിൽ വിൽക്കാതെ പൂർണമായും ചൈനയിലേക്ക് കയറ്റി അയക്കാനാണ് തീരുമാനം.
ഗ്വാദർ ഫ്രീ സോണിൽ പ്രവർത്തിക്കുന്ന ഹെങ്‌ഗെങ് ഗ്രൂപ്പ് ഇതിനോടകം ദശലക്ഷക്കണക്കിന് ഡോളറാണ് പാകിസ്ഥാനിൽ നിക്ഷേപിച്ചിരിക്കുന്നത്. മാസംതോറും ലക്ഷക്കണക്കിന് ഡോളറിന്റെ വിദേശനാണ്യം നേടാനാണ് കമ്പനിയുടെ ലക്ഷ്യം. ഭാരവാഹനങ്ങളായും കാർഷിക ആവശ്യങ്ങൾക്കും മാത്രം ഉപയോഗിച്ചിരുന്ന കഴുതകൾ പാകിസ്ഥാന് ഇപ്പോൾ വലിയൊരു കയറ്റുമതി ചരക്കായി മാറിയിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *