തമിഴ്‌നാട്ടില്‍ അണ്ണാമലൈയുടെ ‘മാജിക്’; പാര്‍ട്ടി രൂപീകരിച്ച് 24 മണിക്കൂറില്‍ അണിചേര്‍ന്നത് 14 ലക്ഷം പേര്‍

ചെന്നൈ: കഴിഞ്ഞ ദിവസമാണ് തമിഴ്‌നാട് ബിജെപി മുന്‍ അദ്ധ്യക്ഷന്‍ കെ അണ്ണാമലൈ പാര്‍ട്ടിയില്‍ നിന്നുള്ള രാജി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ പുതിയ രാഷ്ട്രീയ പ്രസ്ഥാനം രൂപീകരിക്കുമെന്നും അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു. ഇപ്പോഴിതാ പ്രഖ്യാപനം വന്ന് വെറും 24 മണിക്കൂറിനുള്ളില്‍ 14 ലക്ഷത്തിനടുത്ത് ആളുകളാണ് അണ്ണാമലൈയുടെ പുതിയ പ്രസ്ഥാനത്തില്‍ അണിചേര്‍ന്നത്. വി ദി ലീഡേഴ്‌സ് എന്നാണ് പാര്‍ട്ടിയുടെ പേര്. 13,85,763 സജീവ അംഗങ്ങള്‍ ഇതിനകം തന്നെ രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു.തങ്ങളുടെ പ്രസ്ഥാനത്തിന്റെ ജീവരക്തമെന്നാണ് സ്വമേധയാ മുന്നോട്ട് വരുന്ന വോളന്റിയര്‍മാരോട് വെബ്സൈറ്റില്‍ നല്‍കിയിരിക്കുന്ന സന്ദേശം. അവര്‍ പൊതുസമൂഹത്തെ ശാക്തീകരിക്കുകയും നേതൃത്വപാടവം വളര്‍ത്തുകയും യഥാര്‍ത്ഥ മാറ്റം കൊണ്ടുവരികയും ചെയ്യും. വിദ്യാഭ്യാസം, ആരോഗ്യം, പരിസ്ഥിതി, യുവജന നേതൃത്വം ഇതില്‍ നിങ്ങളുടെ താല്പര്യം എവിടെയാണോ അവിടെ അവസരങ്ങള്‍ കണ്ടെത്തണമെന്നും മെച്ചപ്പെട്ടൊരു നാളെയ്ക്കായി ഞങ്ങളോടൊപ്പം പങ്കാളികളാകണമെന്നും വി ദി ലീഡേഴ്‌സിലെ വെബ്സൈറ്റില്‍ വ്യക്തമാക്കുന്നു.ആഴ്ചകളായി നിലനിന്നിരുന്ന അസ്വാരസ്യങ്ങള്‍ക്കൊടുവിലായിരുന്നു മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ കൂടിയായ അണ്ണാമലൈ ബിജെപിയില്‍ നിന്നും രാജിവച്ചത്. വെള്ളിയാഴ്ച സമര്‍പ്പിച്ച രാജി ബിജെപി നേതാവ് നിതിന്‍ നബിന്‍ അംഗീകരിക്കുകയും ചെയ്തു. തന്റെ രാജിക്ക് പിന്നിലെ കാരണം വ്യക്തമാക്കിക്കൊണ്ട് അണ്ണാമലൈ കേന്ദ്ര നേതൃത്വത്തിന് കത്തയച്ചിരുന്നു. 2020ലാണ് സിവില്‍ സര്‍വീസ് ഉപേക്ഷിച്ച് അണ്ണാമലൈ ബിജെപിയില്‍ ചേരുന്നത്. പാര്‍ട്ടിയില്‍ ചേര്‍ന്ന് ആഴ്ചകള്‍ക്കകം സംസ്ഥാന വൈസ് പ്രസിഡന്റായും, ഒരു വര്‍ഷത്തിനുള്ളില്‍ 37-ാം വയസില്‍ തമിഴ്‌നാട് ബിജെപി അദ്ധ്യക്ഷനായും അദ്ദേഹത്തിന് സ്ഥാനക്കയറ്റം ലഭിച്ചിരുന്നു.തന്റെ പൊതുജീവിതത്തിന്റെയും രാഷ്ട്രീയ യാത്രയുടെയും അടുത്ത ഘട്ടമെന്നാണ് പുതിയ നീക്കത്തെ അണ്ണാമലൈ വിശേഷിപ്പിച്ചത്. യുവാക്കളും സാധാരണക്കാരായ പൗരന്മാരും തനിക്കൊപ്പം അണിനിരക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. പരമ്പരാഗത രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പകരമായി സാധാരണക്കാരാല്‍ നയിക്കപ്പെടുന്ന ഒരു രാഷ്ട്രീയ ശൈലി പ്രാവര്‍ത്തികമാക്കുമെന്നും, ഭാവിയില്‍ നിരവധി പുതിയ നേതാക്കളെ വാര്‍ത്തെടുക്കാന്‍ പ്രസ്ഥാനം പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.’തമിഴ്‌നാട്ടില്‍ നല്ലൊരു മാറ്റം കൊണ്ടുവരാനും രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുടെ രീതി മെച്ചപ്പെടുത്താനുമായി ആറ് വര്‍ഷം മുന്‍പാണ് ഞാന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങിയത്. രാഷ്ട്രീയം പ്രമുഖര്‍ക്കും സമ്പന്നര്‍ക്കും മാത്രം അവകാശപ്പെട്ടതാണെന്ന ചിന്ത മാറ്റണമെന്നും അത് സാധാരണക്കാരന്റേത് കൂടിയാക്കണമെന്നും ഞാന്‍ ആഗ്രഹിച്ചു. ദയവായി എന്നോടൊപ്പം ചേരൂ, എന്നെ വിശ്വസിക്കൂ,’- അണ്ണാമലൈ കൂട്ടിച്ചേര്‍ത്തു.

 

 

Leave a Reply

Your email address will not be published. Required fields are marked *