ട്രെയിനില്‍ ബാത്റൂമിലിരുന്നുപോലും പുകവലിക്കാന്‍ ഇനി കഴിയില്ല

ചെന്നൈ: അത്യാധുനിക സംവിധാനങ്ങളോടെ പുറത്തിറങ്ങിയ സെമി ഹൈസ്പീഡ് ട്രെയിനുകളാണ് വന്ദേഭാരത് എക്സ്പ്രസുകള്‍. നിരവധി പുത്തന്‍ ഫീച്ചറുകളടങ്ങിയ ഈ ട്രെയിനുകളില്‍ രാജ്യത്ത് ആദ്യമായി ഫയര്‍ ഡിറ്റക്ഷന്‍ സിസ്റ്റം (എഫ് ഡി എസ്) ഉള്‍പ്പെടുത്തിയിരുന്നു. കോച്ചുകളിലെ ടോയ്ലറ്റുകളില്‍ പുകവലിയോ തീപിടിത്തമോ മറ്റോ ഉണ്ടായാല്‍ എഫ്ഡിഎസിലെ സെന്‍സറുകള്‍ പ്രവര്‍ത്തിക്കുകയും വണ്ടി ഉടന്‍ നില്‍ക്കുകയും ചെയ്യും. ഈ സംവിധാനം പിന്നീട് അതിലെ കോച്ചുകളിലേക്കും ഏര്‍പ്പെടുത്തി.നിലവില്‍ പുതുതായി നിര്‍മ്മിച്ച് പുറത്തിറങ്ങിയ എല്‍എച്ച്ബി കോച്ചുകളിലും എഫ് ഡി എസ് ഉണ്ട്. എന്നാല്‍ ഇവയ്ക്ക് പുറമേ ഇനി പഴയ കോച്ചുകളിലും എഫ് ഡി എസ് സ്ഥാപിക്കാന്‍ പോകുകയാണ്. കോച്ചുകളിലും അവയിലെ ടോയ്ലറ്റുകളിലും എഫ് ഡി എസ് ഘടിപ്പിക്കും. പുക ഉയര്‍ന്നാല്‍ ഉടന്‍ ട്രെയിന്‍ നില്‍ക്കും. റെയില്‍വെ എഞ്ചിനീയറിംഗ് വിഭാഗമാണ് ഇത് ഘടിപ്പിക്കുക. വണ്ടി നിര്‍ത്തിയതിന് കാരണം പുകവലിയാണെന്നോ തീ കാരണമെന്നോ തെളിഞ്ഞാല്‍ വണ്ടി വൈകുമെന്നത് മാത്രമല്ല പിഴ ശിക്ഷയും ഇനി ലഭിക്കും. ടെക്നിക്കല്‍ ജീവനക്കാരെത്തി വണ്ടി സുരക്ഷിതമെന്ന് തെളിഞ്ഞാലേ പിന്നെ യാത്രപുറപ്പെടാനാകൂ. വണ്ടി നില്‍ക്കാന്‍ കാരണക്കാരായവര്‍ക്ക് പിന്നാലെ റെയില്‍വെ പ്രൊട്ടക്ഷന്‍ ഫോഴ്സിന്റെ നടപടികളുണ്ടാകാനും കോടതിയില്‍ കേസെത്തുന്നതിനും ഇടയാകും.

 

 

Leave a Reply

Your email address will not be published. Required fields are marked *