ന്യൂഡല്‍ഹി: ഇരുപത്തിയൊന്നു പേരുടെ മരണത്തിനിടയാക്കിയ ഡല്‍ഹിയിലെ ഹോട്ടല്‍ തീപിടിത്തത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി അറസ്റ്റിലായ പ്രധാന പാചകക്കാരന്. അടുക്കളയിലെ ഇലക്ട്രിക് സ്റ്റൗ ഓണാക്കിയതിന് തൊട്ടുപിന്നാലെയാണ് തീ പടര്‍ന്നതെന്ന് കേശവ് നേഗി പൊലീസിന് മൊഴി നല്കി. ഓണ്‍ ചെയ്തതിനു പിന്നാലെ സ്റ്റൗ പൊട്ടിത്തെറിക്കുകയും കെട്ടിടത്തില്‍ തീ വേഗത്തില്‍ പടര്‍ന്നതായും ഇയാള്‍ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി.
പുകയും തീയും ഹോട്ടലില്‍ പടര്‍ന്നതോടെ പരിഭ്രാന്തനായ താന്‍ സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെടുകയായിരുന്നുവെന്നാണ് കേശവ് നേഗിന്റെ മൊഴി. അതേസമയം, രക്ഷപ്പെടുന്നതിന് മുന്‍പ് ഇയാള്‍ ഹോട്ടലിലെ പ്രധാന വൈദ്യുതി വിതരണം വിച്ഛേദിച്ചതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് കെട്ടിടത്തിന്റെ പ്രധാന ഇലക്ട്രോണിക് ഡോര്‍ ലോക്കിംഗ് സിസ്റ്റം പ്രവര്‍ത്തനരഹിതമാകുന്നതിന് കാരണമായെന്നാണ് കണ്ടെത്തല്‍. തീപടര്‍ന്ന സമയത്ത് ഹോട്ടലിനുള്ളില്‍ അകപ്പെട്ടവര്‍ക്ക് രക്ഷപ്പെടാന്‍ കഴിയാതെ വന്നത് ഇക്കാരണംകൊണ്ടാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്.തീപിടിത്തവുമായി ബന്ധപ്പെട്ട കേസില്‍ കഴിഞ്ഞദിവസമാണ് ഹൗസ് റാണി പ്രദേശത്തെ ഫ്ലൊറിഷ് സ്റ്റേയ്സ് ബെഡ് ആന്‍ഡ് ബ്രേക്ക്ഫാസ്റ്റ് ഹോട്ടലിലെ പാചകക്കാരനായ കേശവ് നേഗ് അറസ്റ്റിലായത്. ഇയാളുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതര അശ്രദ്ധയാണ് ദുരന്തത്തിന് കാരണമായതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.സംഭവവുമായി ബന്ധപ്പെട്ട് ഹോട്ടലിലെ മറ്റ് ചില ജീവനക്കാരെക്കൂടി പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.കഴിഞ്ഞ ബുധനാഴ്ച പുലര്‍ച്ചെയാണ് രാജ്യതലസ്ഥാനത്തെ നടുക്കിയ ദുരന്തമുണ്ടായത്. ഒരു 16 വയസുകാരിയും കിര്‍ഗിസ്ഥാന്‍, നൈജീരിയ, ബംഗ്ലാദേശ്, ഇറാഖ്, കോംഗോ, മൊസാംബിക്, ലൈബീരിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള നിരവധി വിദേശികളുമടക്കം 21 പേരാണ് തീപിടിത്തത്തില്‍ മരിച്ചത്.മരിച്ചവരില്‍ ഭൂരിഭാഗവും സമീപത്തുള്ള മാക്സ് ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തിയ വിദേശികളായിരുന്നു.പൊള്ളലേറ്റതിനേക്കാള്‍ അമിതമായി പുക ശ്വസിച്ച് ശ്വാസം മുട്ടിയാണ് കൂടുതല്‍ പേരും മരണപ്പെട്ടതെന്ന് ഫോറന്‍സിക് പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ ഹോട്ടല്‍ ഉടമ ലോകേഷ് ബജാജിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.മനഃപൂര്‍വ്വമല്ലാത്ത നരഹത്യ ഉള്‍പ്പെടെ ഗുരുതരമായ വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.