ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസില്‍ ആഭ്യന്തര തര്‍ക്കങ്ങള്‍ രൂക്ഷമാകുന്നു. പാര്‍ട്ടിക്കും മമതാ ബാനര്‍ജിക്കും പാര്‍ലമെന്റില്‍ കനത്ത തിരിച്ചടി നല്‍കിക്കൊണ്ട് മുതിര്‍ന്ന നേതാവും രാജ്യസഭാ എം.പിയുമായ സുകേന്ദു ശേഖര്‍ റോയ് പാര്‍ട്ടി അംഗത്വവും എം.പി സ്ഥാനവും രാജിവെച്ചു. പശ്ചിമ ബംഗാളില്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം എം.എല്‍.എമാര്‍ ഉയര്‍ത്തിയ വിമത നീക്കത്തെത്തുടര്‍ന്ന് തൃണമൂല്‍ കോണ്‍ഗ്രസ് കടുത്ത ആഭ്യന്തര പ്രതിസന്ധി നേരിടുന്നതിനിടെയാണ് സുകേന്ദുവിന്റെ അപ്രതീക്ഷിത രാജി.
തുടര്‍ച്ചയായ 15 വര്‍ഷത്തെ ഭരണത്തിന് ശേഷം പശ്ചിമ ബംഗാളിലെ ജനങ്ങള്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ കൈവിട്ടിരിക്കുകയാണെന്ന് സുകേന്ദു ശേഖര്‍ റോയ് തന്റെ രാജിപ്രസ്താവനയില് ചൂണ്ടിക്കാട്ടി. അഴിമതി, സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍, ക്രമസമാധാന തകര്‍ച്ച എന്നിവയ്ക്ക് പുറമെ വിദ്യാഭ്യാസം, ആരോഗ്യം, വ്യവസായം, തൊഴില്‍ തുടങ്ങിയ മേഖലകളിലെ ഭരണപരാജയവുമാണ് ഇതിന് കാരണമെന്നും അദ്ദേഹം ആരോപിച്ചു. ജനവിധി മാനിച്ചുകൊണ്ട് താന്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും രാജ്യസഭയില്‍ നിന്നും രാജിവെക്കുകയാണെന്നും റോയ് വ്യക്തമാക്കി.
വളരെക്കാലമായി പാര്‍ട്ടിയില്‍ നിലനില്‍ക്കുന്ന പ്രത്യേക സാഹചര്യങ്ങള്‍ കാരണമാണ് രാജി എന്നാണ് സുകേന്ദു ശേഖര്‍ റോയി ദി ഇന്ത്യന്‍ എക്സ്പ്രസിനോട് പ്രതികരിച്ചത്. മറ്റൊരു പാര്‍ട്ടിയില്‍ ചേരുമോ എന്ന ചോദ്യത്തിന്, താന്‍ 59 വര്‍ഷമായി രാഷ്ട്രീയത്തിലുണ്ടെന്നും അതുകൊണ്ട് തന്നെ ആത്മപരിശോധനകള്‍ക്ക് ശേഷം ഉചിതമായ സമയത്ത് കൃത്യമായ തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ സഹപ്രവര്‍ത്തകരായ മറ്റ് രാജ്യസഭാംഗങ്ങള്‍ ആരെങ്കിലും രാജിവെക്കുന്നുണ്ടോ എന്ന കാര്യത്തില്‍ തനിക്ക് അറിവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി അധികാരം പിടിച്ചതോടെ തൃണമൂല്‍ കോണ്‍ഗ്രസില്‍ വലിയ ഭിന്നതയാണ് ഉടലെടുത്തത്. സഭയിലെ പ്രതിപക്ഷ നേതാവിനെച്ചൊല്ലി കടുത്ത ഭിന്നതയാണ് പാര്‍ട്ടിക്കുള്ളില്‍ ഉടലെടുത്തത്. ബംഗാളിലെ ഈ ആഭ്യന്തര കലഹം തൃണമൂല്‍ കോണ്‍ഗ്രസിന്റെ പാര്‍ലമെന്റ് അംഗങ്ങള്‍ക്കിടയിലും വിള്ളലുണ്ടാക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. നേരത്തെ, പാര്‍ട്ടിയിലെ അഴിമതി ചൂണ്ടിക്കാട്ടി മുതിര്‍ന്ന എം.പി കാകോലി ഘോഷ് ദസ്തിദാര്‍ പാര്‍ട്ടി പദവികള്‍ ഒഴിഞ്ഞിരുന്നു.