തിരുവനന്തപുരം: ശബരിമല സന്നിധാനത്തെ അന്നദാന മണ്ഡപത്തിൽ തീർഥാടകർക്ക് ഇനി കേരള സദ്യ. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ തീരുമാനപ്രകാരം മണ്ഡലകാലത്തിന്റെ തുടക്കമായ ചൊവ്വാഴ്ച മുതൽ കേരള സദ്യ വിളമ്പിത്തുടങ്ങി. നേരത്തെ നൽകിയിരുന്ന പുലാവും വൈകുന്നേരത്തെ ഉപ്പുമാവും ഒഴിവാക്കി.
മാപ്പുകൾ കാണുക
മുൻവർഷങ്ങളിൽ മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ള തീർഥാടകരെക്കൂടി പരിഗണിച്ച് അന്നദാനത്തിൽ പുലാവായിരുന്നു നൽകിയിരുന്നത്. എന്നാൽ ഇത്തവണ ഇലയിട്ട് പായസം ഉൾപ്പെടെയുള്ള വിഭവങ്ങളോടുകൂടിയ കേരള സദ്യ നൽകാനാണ് ദേവസ്വം ബോർഡ് തീരുമാനിച്ചത്.
ശബരിമലയിൽ എത്തുന്ന മറ്റു സംസ്ഥാനങ്ങളിലെ തീർഥാടകർക്കും കേരളത്തിന്റെ തനത് ഭക്ഷണരീതി പരിചയപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ നേരത്തെ വ്യക്തമാക്കിയിരുന്നു.
കേരളത്തിന്റെ പരമ്പരാഗത ഭക്ഷണസംസ്കാരം തീർഥാടകർക്ക് പുതിയ അനുഭവമാകുമെന്ന പ്രതീക്ഷയിലാണ് ദേവസ്വം ബോർഡ്. ഇതോടെ സന്നിധാനത്തെ അന്നദാനത്തിൽ കേരളീയ സദ്യയുടെ രുചിയും പായസത്തിന്റെ മധുരവും നിറയും.